നഴ്‌സുമാര്‍ ദേശീയപാത ഉപരോധിച്ചു; ലാത്തിച്ചാര്‍ജ്ജില്‍ എട്ടുപേര്‍ക്ക് പരിക്ക്

Monday 12 February 2018 2:30 am IST

ചേര്‍ത്തല: നഴ്‌സുമാരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു, സംഘര്‍ഷത്തിനിടെ ഡിവൈഎസ്പി ഉള്‍പ്പെടെ 10 പോലീസുകാര്‍ക്കും എട്ട് നഴ്‌സുമാര്‍ക്കും പരിക്ക്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനവും 15ന് സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും നഴ്‌സുമാര്‍ പണിമുടക്കും നടത്തുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ 176 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് നഴ്‌സുമാര്‍ ദേശീയപാത ഉപരോധിച്ചത്. 

ബലം പ്രയോഗിച്ച് നഴ്‌സുമാരെ നീക്കാന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. ബഹളത്തിനിടെയാണ് ചേര്‍ത്തല ഡിവൈഎസ്പി എ.ജി. ലാലിനും സിഐ വി.പി. മോഹന്‍ലാലിനും പരിക്കേറ്റത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് മൂന്ന് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്.  ലാത്തിച്ചാര്‍ജില്‍ പത്തോളം നഴ്‌സുമാര്‍ക്കും പരിക്കുണ്ട്.  

ദേശീയപാത ഉപരോധിച്ചതിന് 73 നഴ്‌സുമാര്‍ക്ക് എതിരെ കേസുണ്ട്. ഇതുകൂടാതെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പരിക്കേല്‍പ്പിച്ചതിനും മറ്റ് കേസുകളും റജിസ്റ്റര്‍ ചെയ്യുമെന്ന് ഡിവൈഎസ്പി എ.ജി. ലാല്‍ പറഞ്ഞു. 

ഉപരോധ സമരം യുഎന്‍എ സംസ്ഥാന പ്രസിഡന്റും ദേശീയ അദ്ധ്യക്ഷനുമായ ജാസ്മിന്‍ ഷായാണ് ഉദ്ഘാടനം ചെയ്തത്. 

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് നഴ്‌സുമാരാണ് റോഡ് ഉപരോധിച്ചതെന്ന് യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.