റബ്ബറിന് ദേശീയനയം വരുന്നു

Monday 12 February 2018 2:30 am IST

കോട്ടയം: റബ്ബറിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും കര്‍ഷകരെ സഹായിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ദേശീയ റബ്ബര്‍ നയത്തിന് രൂപം നല്‍കും. ഇതിന് അന്തിമരൂപം നല്‍കാനായി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ്പ്രഭു കോട്ടയത്ത് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരത്തോടെയാണ് റബ്ബര്‍നയം പ്രഖ്യാപിക്കുന്നതെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. റബ്ബര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പുതുപ്പള്ളി റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നയരൂപീകരണത്തിന് മുന്നോടിയായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള കേന്ദ്ര വാണിജ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രി സുരേഷ് പ്രഭുവുമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചേര്‍ന്ന ആദ്യയോഗത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ യോഗം. 

വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സന്തോഷ്‌കുമാര്‍ സാരംഗി, ഡയറക്ടര്‍ അനിത കരണ്‍ എന്നിവര്‍ പങ്കെടുത്തു. നിര്‍ദ്ദേശങ്ങള്‍ മന്ത്രി സുരേഷ് പ്രഭുവിന് നല്‍കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും അദ്ദേഹം വരുന്നത്. റബ്ബര്‍നയം പ്രഖ്യാപിക്കുന്നതിന് കാലതാമസം ഉണ്ടാകില്ല. മോദി സര്‍ക്കാര്‍ എല്ലാ തീരുമാനങ്ങളും വേഗത്തില്‍ നടപ്പാക്കുന്ന സര്‍ക്കാരാണെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ലോക വ്യാപാരകരാറാണ് റബ്ബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കാന്‍ തടസ്സമെന്ന് മന്ത്രി കണ്ണന്താനം പറഞ്ഞു. റബ്ബറിനെ വാണിജ്യവിളയായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാറിലെ നിബന്ധനകള്‍ പാലിക്കേണ്ടി വരുന്നതാണ് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതിന് തടസ്സമാകുന്നത്. ചില അവസരങ്ങളില്‍ കരാറില്‍നിന്ന് വ്യതിചലിച്ച് ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയിട്ടുണ്ട്. അത്തരമൊരു സാധ്യതയാണ് പരിശോധിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സന്തോഷ് സാരംഗി പറഞ്ഞു. ഉല്പാദന ചെലവ് കണക്കാക്കി റബ്ബറിന് 200 രൂപ തറവില പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  

യോഗത്തില്‍ റബ്ബര്‍ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍ അധ്യക്ഷനായി. എംപിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ്, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്ക്, കര്‍ഷക സംഘടനകള്‍, റബ്ബര്‍ ഉല്പാദക സംഘങ്ങള്‍, വ്യവസായ സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.