അനുമതി ഇല്ലാത്ത കെട്ടിടത്തിനെതിരെ നടപടി

Monday 12 February 2018 2:30 am IST

മൂന്നാര്‍: പള്ളിവാസലില്‍ ജില്ലാ കളക്ടറുടെ എന്‍ഒസി ഇല്ലാതെ നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനെതിരെ റവന്യൂവകുപ്പ് നടപടി തുടങ്ങി. പള്ളിവാസല്‍ രണ്ടാം മൈലില്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മ്മാണം തുടര്‍ന്നുവന്ന റിസോര്‍ട്ടിനെതിരെയാണ് നടപടി. നാലു നിലയിലധികം ഉയരമുള്ള രണ്ട് കെട്ടിടങ്ങളാണ് ഇവിടെ പണിതുകൊണ്ടിരിക്കുന്നത്. 

രണ്ടാം മൈല്‍ സ്വദേശി മഞ്ഞയില്‍ ജോബിന്‍ ജോര്‍ജ്ജ് എന്നയാളുടെ കൈവശമുള്ള 13 സെന്റ് സ്ഥലത്താണ് രണ്ട് വര്‍ഷം മുമ്പ് ബഹുനില റിസോര്‍ട്ടിന്റെ നിര്‍മ്മാണം തുടങ്ങിയത്. കളക്ടറുടെ അനുമതി ഇല്ലാത്തതിനാല്‍ പണി നിര്‍ത്തിവയ്ക്കാന്‍ 2016-ലും കഴിഞ്ഞ ഒക്ടോബറിലും നോട്ടീസ് നല്‍കിയിരുന്നു. വിവരം വെള്ളത്തൂവല്‍ പോലീസിനും ദേവികുളം തഹസില്‍ദാര്‍ക്കും കൈമാറുകയും ചെയ്തു. 

കഴിഞ്ഞദിവസം നിര്‍മാണം പുനരാരംഭിച്ചു. ഇത് സംബന്ധിച്ച് വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവികുളം സബ്കളക്ടര്‍ പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വില്ലേജ് ഓഫീസര്‍ പരിശോധനക്ക് എത്തുന്നതറിഞ്ഞ് ഉടമ പണി നിര്‍ത്തിവച്ചു. രേഖകളില്ലാതെയും സ്റ്റോപ്പ് മെമ്മോ മറികടന്നുമാണ് നിര്‍മ്മാണം നടക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സബ്കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.