ഇടത് മേളയെങ്കില്‍ എകെജി സെന്ററില്‍ നിന്ന് ചെലവാക്കണം: കുമ്മനം

Monday 12 February 2018 2:30 am IST

കോഴിക്കോട്: ഇടതുപക്ഷ ചിന്തകര്‍ക്ക് വേണ്ടി മാത്രമാണ് കേരള സാഹിത്യോത്സവമെങ്കില്‍ കേന്ദ്ര ഫണ്ട് വാങ്ങാതെ എകെജി സെന്ററില്‍ നിന്നെടുത്ത് ചെലവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

എല്ലാവരും എകെജി സെന്ററിലെ തീട്ടൂരം അനുസരിച്ച് എഴുതുന്നവരല്ല. നാടിന്റെ സാംസ്‌കാരിക മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ അക്കിത്തത്തെ പോലുള്ള എല്ലാവരും മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പണം വാങ്ങി ഉത്സവങ്ങള്‍ സംഘടിപ്പിച്ച്, അത് ഇടതുപക്ഷ ചിന്തകര്‍ക്ക് മാത്രം വിഹരിക്കാനുള്ള വേദിയാക്കി മാറ്റുന്നത് സാംസ്‌കാരിക രംഗത്തോടുള്ള നിന്ദയാണ്. 

എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മചെയ്യാനും നശിപ്പിക്കാനും മാത്രം ശ്രമിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ അസഹിഷ്ണുതാ വാദികളാണ്. അതുകൊണ്ടാണ് ഇത്തരം സാഹിത്യോത്സവങ്ങള്‍ രാഷ്ട്രീയ വേദികളാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

അത്തരം ദുഷ്പ്രവണതകള്‍ സാംസ്‌കാരിക രംഗത്ത് നിന്ന് മാറണം. ഈ രംഗത്തെ വെട്ടിവിഴുങ്ങി സ്വന്തമാക്കാന്‍ ഇടത് പാര്‍ട്ടികള്‍ ശ്രമിക്കുന്നത് സാംസ്‌കാരിക രംഗത്തെ മലീമസമാക്കുമെന്നും സാംസ്‌കാരിക ശുദ്ധീകരണം ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.