മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

Monday 12 February 2018 11:08 am IST

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നേരത്തെ നാല് ദിവസം എങ്കിലും ഉണ്ടാകണം എന്നായിരുന്നു നിര്‍ദേശം.

തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്വാറം തികയാതെ മന്ത്രിസഭ യോഗം ചേരാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാനും തീരുമാനമായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങള്‍ക്ക് ഉപാധികളോടെ തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയവയാണ് മന്ത്രിസഭ പരിഗണിച്ച ഓര്‍ഡിന്‍സുകള്‍. 

വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാര്‍ മാത്രമാണ് പങ്കെടുത്തത്. ക്വാറം തികയാത്തതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് മുഖ്യമന്ത്രിതന്നെ ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. മന്ത്രിമാര്‍ എത്താത്തതിനാല്‍ തീരുമാനമെടുക്കാനാവാതെ മന്ത്രിസഭ പിരിയേണ്ടിവന്നത് സംസ്ഥാന ചരിത്രത്തിലെ അപൂര്‍വ സംഭവമായിരുന്നു.

പൊതുപരിപാടികളില്‍ പങ്കെടുക്കാനും മറ്റുമായി 12 മന്ത്രിമാര്‍ മന്ത്രിസഭയോഗം ഉപേക്ഷിച്ചുപോയത് വിവാദമാവുകയും ചെയ്തു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നാണ് മന്ത്രിമാരില്‍ ചിലര്‍ നല്‍കിയ വിശദീകരണം.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.