സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി; ഒരു സൈനികന് വീരമൃത്യു

Monday 12 February 2018 11:11 am IST

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരണ്‍ നഗറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണശ്രമം ഉണ്ടായത്. സംഭവത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു.  

സിആര്‍പിഎഫ് ഇരുപത്തിമൂന്നാം നമ്പര്‍ ബെറ്റാലിയന് നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ സുജ്വാന്‍ സൈനിക ക്യാമ്പിന് നേരെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് കരണ്‍ നഗറിലും ആക്രമണ ശ്രമം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ രണ്ട് അജ്ഞാതര്‍ ആയുധങ്ങളുമായി ക്യാമ്പിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സിആര്‍പിഎഫ് വക്താവ് പറഞ്ഞു.  

സുരക്ഷാ ഉദ്യോഗസ്ഥന്‍ ഭീകരര്‍ക്കെതിരെ വെടിയുതിര്‍ത്തതോടെ ഭീകരര്‍ അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു. ഈ വീട് സിആര്‍പിഎഫ് വളഞ്ഞിരിക്കുകയാണ്. ഭീകരരെ പിടികൂടുന്നതിനായി കുടുതല്‍ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികളെ കുറിച്ച്‌ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി ചര്‍ച്ച ചെയ്തു. 

ദല്‍ഹിയില്‍ അടിയന്തര ഉന്നതതലയോഗം ചേര്‍ന്ന് ആഭ്യന്തരവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.