ജയലളിതയുടെ ചിത്രം നിയമസഭയില്‍; ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Monday 12 February 2018 2:44 pm IST

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ചിത്രം നിയമസഭയില്‍ അനാഛാദനം ചെയ്തു. സ്പീക്കര്‍ പി.ധനപാലാണ് അനാഛാദനം നിര്‍വഹിച്ചത്. നിയമസഭയ്ക്കുള്ളിലെ പതിനൊന്നാമത് ചിത്രമാണിത്. 

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സുപ്രീംകോടതി ശിക്ഷിച്ചയാളുടെ ചിത്രം സഭയില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലന്ന് അറിയിച്ച ഡിഎംകെ ചടങ്ങ് ബഹിഷ്‌കരിച്ചു. ഡിഎംകെ അംഗം അന്‍പഴകന്‍ ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.

പ്രതിപക്ഷാംഗങ്ങളുടെ ഇരിപ്പിടത്തിന് അഭിമുഖമായാണ് ചിത്രം സ്ഥാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

തമിഴനാട് ജനതയ്ക്കാകെ പ്രചോദനം നല്‍കകുകയും, അവരുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുകയും ചെയ്ത ഭരണാധികാരിയായിരുന്നു ജയലളിതയെന്നും അങ്ങനെയുള്ള മുന്‍മുഖ്യമന്ത്രി ഈ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.

നേരത്ത, ചിത്രം സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.