ഫ്‌ളക്‌സ് നിരോധനം ഉറപ്പുനല്‍കിയ മേയറുടെ ഫ്‌ളക്‌സ് നഗരമധ്യത്തില്‍ !

Monday 12 February 2018 2:37 pm IST

 

കൊല്ലം: നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനത്തിന് ആലോചിക്കുന്ന നഗരപിതാവ് തന്നെ സ്വന്തം ചിത്രം കൊണ്ട് ചിന്നക്കടയില്‍ കൂറ്റന്‍ഫ്‌ളക്‌സ് വച്ചു. ചിന്നക്കടയില്‍ നിന്നും ജില്ലാസഹകരണബാങ്കിലേക്ക് തിരിയുന്ന ഭാഗത്ത് കാല്‍നടയാത്രികരുടെ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലിയിലാണ് മേയര്‍ വി.രാജേന്ദ്രബാബുവിന്റെ ചിത്രം മാത്രം ഉള്‍പ്പെടുന്ന പത്തടി ഉയരമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് മികച്ച നഗരപാലിക അവാര്‍ഡ് കൊല്ലം കോര്‍പ്പറേഷന് ലഭ്യമായ പശ്ചാത്തലത്തിലാണ് പൗരാവലിയുടെ പേരില്‍ പാര്‍ട്ടിക്കാരും യൂണിയന്‍കാരും ചേര്‍ന്ന് ബോര്‍ഡ് വച്ചിട്ടുള്ളത്. ബോര്‍ഡില്‍ ചുവപ്പ് നിറത്തിന് മാത്രമാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. മേയറുടെ ഈ നടപടി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് സിപിഎമ്മാണെന്ന് കൊല്ലം കാണാനെത്തുന്ന വിദേശികളെ അറിയിക്കാനായിരിക്കുമെന്ന് ആക്ഷേപമുണ്ട്.  കൊല്ലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ച് യുദ്ധം നടത്തുന്നത് കാരണം മാസങ്ങളായി കാല്‍നടയാത്ര പോലും ദുസ്സഹമാണ്. ഇത് കോര്‍പ്പറേഷന്റെ പിടിപ്പുകേടാണെന്ന് വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. റോഡിലും ഡിവൈഡറിലും വശങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലുമെല്ലാം ഇടതുവലതുപാര്‍ട്ടികളുടെ ആയിരക്കണക്കിന് ഫ്‌ളക്‌സ്‌ബോര്‍ഡുകളാണ് ഇപ്പോഴും കാണുന്നത്. വാഹനങ്ങള്‍ക്ക് സിഗ്നല്‍ലൈറ്റ് കാണാത്ത രീതിയിലും കാല്‍നടയാത്രികര്‍ക്ക് വാഹനങ്ങളുടെ വരവ് അറിയാനാകാത്ത വിധത്തിലും വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ എത്രയുംവേഗം മാറ്റണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിരോധനം വേണമെന്നും കൗണ്‍സിലില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതാണ്. മേയര്‍ തന്നെയാണ് നിരോധനം വേണമെന്നും ഇത് ആലോചിച്ച് തീരുമാനിക്കാമെന്നും കൗണ്‍സിലില്‍ അംഗങ്ങളെ അറിയിച്ചത്. ഈ ചര്‍ച്ചകള്‍ നടന്ന് മാസം ഒന്ന് പിന്നിടുമ്പോണ് മേയറുടെ തന്നെ ചിത്രം പതിച്ചുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് എന്ന വിരോധാഭാസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.