ഗൗരിക്ക് നീതി ലഭിക്കും വരെ സന്ധിയില്ലാസമരം: അച്ഛന്‍

Tuesday 13 February 2018 2:45 am IST

കൊല്ലം: ഗൗരി നേഘക്ക്  മരണത്തിലെങ്കിലും നീതി ലഭിക്കുംവരെ സന്ധിയില്ലാസമരം നടത്തുമെന്ന് അച്ഛന്‍ പ്രസന്നകുമാര്‍. ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ചിന്നക്കടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പൊതുസമൂഹത്തെയും നിയമത്തെയും വെല്ലുവിളിക്കുന്ന  സംവിധാനമാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്. അധികാരകേന്ദ്രങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും പോലീസില്‍ സ്വാധീനം ചെലുത്താനും ഇവര്‍ക്കായിട്ടുണ്ട്. നാളത്തെ തലമുറയെ വാര്‍ത്തെടുക്കേണ്ട ഒരു സ്‌കൂളിലാണ് ഈ സംഭവങ്ങളെന്നത് പൊതുസമൂഹം ഓര്‍ക്കേണ്ടതാണ്. എന്റെ മകള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയിട്ടില്ല. അവളത് മരണക്കിടക്കയിലും എന്നോട് പറഞ്ഞതാണ്.

 രാവിലെ പ്രസന്നതയോടെ സ്‌കൂളില്‍ പോയ കുട്ടി, ക്ലാസിലും സന്തോഷവതിയായിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞിട്ടുണ്ട്. 23 മിനിട്ട് ആ അധ്യാപകര്‍ അവളെ എന്താണ് ചെയ്തത് എന്ന് അറിയണം. അതിലൂടെയെ സത്യം വെളിച്ചത്തുവരൂ. എന്റെ മകളെ കൊലപ്പെടുത്തിയതാണ്. സ്‌കൂള്‍ മുഴുവനും സിസിടിവികള്‍ ഉള്ളതാണ്. എന്നിട്ടും തന്റെ മകളുടെ അവസാനനിമിഷങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്നത് ദുരൂഹതമാണ്. മകളുടെ ജീവന് വേണ്ടി താനും കുടുംബാംഗങ്ങളും ഓടിനടന്നപ്പോള്‍ പ്രതികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു പോലീസ് എന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിഷ്ണുവിജയന്‍ അധ്യക്ഷത വഹിച്ചു. 

സംഭവത്തിന് ശേഷം അരമനയിലും അന്തപ്പുരത്തിലും മാറിമാറി ഒളിവില്‍ കഴിഞ്ഞ അധ്യാപകരെ പോലീസാണ് രക്ഷിച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.ജി.ഗോപകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലും നിരവധി ക്രൂരതകള്‍ ഈ സ്‌കൂളില്‍ നടന്നിട്ടുണ്ട്. അധികാരവും സ്വാധീനവും കൊണ്ടാണ് എല്ലാം തേച്ചുമാച്ചത്. എല്ലാം വൈദികവൃത്തിയുടെ പേരിലാണെന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 

അധ്യാപകരെ പുറത്താക്കുക, പോലീസ് ചാര്‍ജ് ഷീറ്റ് അടിയന്തരമായി കോടതിയില്‍ സമര്‍പ്പിക്കുക, കേസിന്റെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം നടത്തുക എന്നി ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്നത്. 

യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, എബിവിപി ദേശീയസമിതിയംഗം രേഷ്മാബാബു, മുന്‍ കൗണ്‍സിലര്‍ ഡി.ഗീതാകൃഷ്ണന്‍, വിവിധ സംഘടനാപ്രതിനിധികളായ ഇഞ്ചക്കല്‍ ബഷീര്‍, ഗുരുദേവ സാജന്‍, ആദര്‍ശ് ഭാര്‍ഗവന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, നിസാം കുന്നത്തൂര്‍, ആണ്ടാമുക്കം റിയാസ്, മംഗലത്ത് നൗഷാദ് എന്നിവര്‍ സംസാരിച്ചു. 

ഗൗരിനേഘ: കേന്ദ്രമന്ത്രിക്കും ഐസിഎസ്ഇ ചെയര്‍മാനും എബിവിപി പരാതി നല്‍കി

കൊല്ലം: ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായ സിന്ധുപോള്‍, ക്രസന്‍സ് എന്നീ അധ്യാപകരെയും ഇവരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത പ്രിന്‍സിപ്പാള്‍ എസ്.ജോണിനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.ഷിജില്‍, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനും ഐസിഎസ്ഇ ചെയര്‍മാന്‍ ഡോ:ജി. ഇമ്മാനുവലിനും പരാതി നല്‍കി. ഇവരെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.