പെണ്‍കുട്ടികള്‍ക്ക് പീഡനം; പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് പൂട്ടും

Tuesday 13 February 2018 2:45 am IST

കൊച്ചി: അന്തേവാസികളായ പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ച പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് പൂട്ടും. മാര്‍ച്ചില്‍ പരീക്ഷ തീരുന്നതോടെ വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോണ്‍വെന്റ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച 17 കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് കടവന്ത്ര പോലീസ് കേസെടുത്ത സിസ്റ്റര്‍ അംബികയെ ചുമതലകളില്‍ ഒഴിവാക്കി.

വെള്ളിയാഴ്ച രാത്രി പത്തിനാണ് കോണ്‍വെന്റ് അധികൃതരുടെ മാനസിക- ശാരീരിക പീഡനം സഹിക്കാനാവാതെ 20 കുട്ടികള്‍ റോഡിലിറങ്ങിയത്. കേസില്‍ അംബിക, ബിന്‍സി എന്നീ കന്യാസ്ത്രീകളുടെ   അറസ്റ്റ് ഉടന്‍രേഖപ്പെടുത്തും. ആവശ്യമായ രേഖകളില്ലാതെയാണ് കോണ്‍വെന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. വരുന്ന അധ്യയന വര്‍ഷം മുതല്‍ ഇവിടെ കുട്ടികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍ പറഞ്ഞു.

അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 24 പെണ്‍കുട്ടികളാണ് കോണ്‍വെന്റിലുള്ളത്. സമയത്തിന് ഭക്ഷണം നല്‍കാറില്ലെന്നും ദേഹോപദ്രവും ചീത്തവിളിയും പതിവാണെന്നും  പെണ്‍കുട്ടികള്‍ നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നു. പരാതിപ്പെട്ടാല്‍ ഭക്ഷണം നിഷേധിക്കും. കുടുംബാംഗങ്ങളെയും അപമാനിക്കും വിധമായിരുന്നു അധികൃതരുടെ ഇടപെടല്‍. പഠന നിലവാരത്തെക്കുറിച്ചും അപമാനിക്കാറുണ്ടെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. 

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. മാര്‍ച്ച് വരെ കുട്ടികള്‍ തങ്ങുന്ന കോണ്‍വെന്റില്‍ സിഡബ്യൂസി എല്ലാ ആഴ്ചയിലും കുട്ടികളുടെ സ്ഥിതി വിലയിരുത്തും. കേസില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും കടവന്ത്ര എസ്‌ഐ എസ്. വിജയ്ശങ്കര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.