സംയോജിത നീര്‍ത്തട പരിപാലന പദ്ധതി കടലാസിലൊതുങ്ങി തദ്ദേശസ്ഥാപനം കാഴ്ചക്കാര്‍ കുടിവെള്ളക്ഷാമം രൂക്ഷം

Tuesday 13 February 2018 1:51 am IST


ആലപ്പുഴ: ശുദ്ധജലക്ഷാമവും വരള്‍ച്ചയും രൂക്ഷമാകാന്‍ കാരണം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലെ പാളിച്ചകളെന്ന് വിമര്‍ശനം. ജലസ്രോതസുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച മഴവെള്ള സംഭരണ പദ്ധതികള്‍ കടലാസില്‍ മാത്രം ഒതുങ്ങി.
  ജില്ലയുടെ പല പ്രദേശങ്ങളിലും വേനല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ജലക്ഷാമം രൂക്ഷമായി. വര്‍ഷകാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി അധികൃതര്‍ അവഗണിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
  ആവശ്യമായ ഫണ്ട് ലഭിക്കാതിരുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവഗണനയുമാണ് പദ്ധതി അവതാളത്തിലാക്കിയത്. മഴവെള്ളംസംരക്ഷിക്കുന്നതിന് തോടുകളും കുളങ്ങളും വൃത്തിയാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.
  ബ്ലോക്കുപഞ്ചായത്തുമുഖേനയാണ് ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാനുദ്ദേശിച്ചിരുന്നത്. നീര്‍ച്ചാലുകളും കുളങ്ങളും തോടുകളും കിണറുകളും മണല്‍ നീക്കംചെയ്ത്ആഴംകൂട്ടി മഴവെള്ളം സംഭരിക്കും.
  നീര്‍ച്ചാലുകള്‍ക്കു ചറ്റും കയര്‍ ഭൂവസ്ത്രം വിരിക്കും. രാമച്ചവും മറ്റ് ഔഷധ സസ്യങ്ങളും വച്ചു പിടിപ്പിക്കും. ഓരോ പ്രദേശത്തും മഴക്കുഴികള്‍, വീടുകള്‍ക്ക് മുകളില്‍ വീഴുന്ന മഴവെള്ളം പ്രത്യേക പൈപ്പുകള്‍ സജ്ജീകരിച്ച്കിണറുകള്‍ക്കും കുളങ്ങള്‍ക്കും സമീപമെത്തിക്കും തുടങ്ങി പദ്ധതിയുടെ ഭാഗമായി നിരവധി പ്രഖ്യാപനങ്ങളാണുണ്ടായത്.
  കുട്ടനാട്ടില്‍  കോടികള്‍ മുടക്കി നിര്‍മിച്ച ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തനമില്ലാതെ നശിക്കുന്നു. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുകോടിയോളം രൂപ ചെലവില്‍ സ്ഥാപിച്ച 78 ആര്‍ഒ പ്ലാന്റുകളില്‍ 41 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
  പ്ലാന്റുകളുടെ പ്രവര്‍ത്തന മേല്‍നോട്ടവും അറ്റകുറ്റപ്പണികളുടെ ചുമതലയും പഞ്ചായത്തുകളില്‍നിന്ന് ഉപഭോക്തൃസമിതികള്‍ക്ക് നല്‍കിയതോടെയാണ് ഇവയുടെ പ്രവര്‍ത്തനം താളംതെറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.