രാമവര്‍മ്മത്തമ്പുരാന്‍ ജന്മശതാബ്ദി ആഘോഷം 15ന്

Tuesday 13 February 2018 1:52 am IST


ആലപ്പുഴ: എസ്ഡി കോളേജ് മലയാള സംസ്‌കൃത വകുപ്പു തലവനും വിശ്വഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും പണ്ഡിതനുമായിരുന്ന പ്രൊഫ. ആര്‍. രാമവര്‍മ്മത്തമ്പുരാന്റെ ജന്മശതാബ്ദി ആഘോഷം 15ന് നടക്കും.
  എസ്ഡിവി സെന്റിനറി ഹാളില്‍ വൈകിട്ട് നാലിന് കുളത്തൂര്‍ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി അനുസ്മരണ പ്രഭാഷണം നടത്തും. രാമവര്‍മ്മത്തമ്പുരാന്‍ രചിച്ച കവിത വൃന്ദാശര്‍മ്മ ആലപിക്കും. രമാദേവി തമ്പുരാട്ടി, എന്‍. കൃഷ്ണ പൈ തുടങ്ങിയവര്‍ സംസാരിക്കും. ആര്‍. രാമരാജവര്‍മ്മ സ്വാഗതവും ആര്‍. ജിതേന്ദ്രവര്‍മ്മ നന്ദിയും പറയും. ശതാബ്ദി ആഘോഷത്തോനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മറ്റി സെക്രട്ടറി പ്രൊഫ. ആര്‍. രാമരാജവര്‍മ്മ, കോഡിനേറ്റര്‍ എന്‍. വിശ്വനാഥന്‍ നായര്‍, ജോ. സെക്രട്ടറി ടി.കെ. രമ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
  ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ സംസ്ഥാനത്തെമ്പാടും നടത്തിയതിലൂടെ ജനശ്രദ്ധനേടിയ വ്യക്തിത്വമായിരുന്നു രാമവര്‍മ്മത്തമ്പുരാന്റേത്. കാശിയിലെപണ്ഡിത സദസ്സില്‍ ഒന്നരമണിക്കൂറിലേറെ സംസ്‌കൃത പ്രഭാഷണം നടത്തിയിട്ടുണ്ട്. അദ്വൈത ദര്‍ശനം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
   ബ്രഹ്മര്‍ഷി വാമദേവന്‍, ഷോഡശ സംസ്‌കാരം, ആത്മാരാമം എന്നീകൃതികളും ശ്രദ്ധേയമാണ്. രഘുവംശം, ഭാസന്റെ കര്‍ണഭാരം, വാത്മീകി രാമായണം എന്നിവയുടെ ഏതാനും ഭാഗങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു. ഹരിനാമ കീര്‍ത്തനത്തിനും നാരായണീയത്തിനും വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ പണ്ഡിത രത്‌ന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
  19 വര്‍ഷം മുമ്പാണ് അദ്ദേഹം മരിച്ചത്. എസ്ഡി കോളേജ് മലയാളം വിഭാഗത്തിന്റെ മേല്‍നോട്ടത്തിലുള്ള പ്രൊഫ. രാമവര്‍മ്മത്തമ്പുരാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും പ്രഭാഷണങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.