സര്‍വ്വാരംഭ പരിത്യാഗീ

Tuesday 13 February 2018 2:45 am IST

ഭക്തന്‍ ലൗകികവും വൈദികവും ആത്മീയവുമായ (മോക്ഷപ്രാപ്തിക്കു സഹായിക്കുന്ന) ഒരു കര്‍മ്മവും ആരംഭിക്കുകയില്ല. അത്തരം കര്‍മ്മങ്ങള്‍ മറ്റ് വ്യക്തികള്‍ ആരംഭിക്കുന്നുണ്ടെങ്കില്‍ അവയില്‍ പങ്കെടുക്കുകയില്ല; അവ കാണാന്‍പോലും എന്റെ ഭക്തന്‍ പോവുകയില്ല; വഴിമാറി യാത്രചെയ്യും. കാരണം, ആ കര്‍മ്മങ്ങള്‍ എന്റെ സേവനത്തിന് തടസ്സമായിത്തീരും. അങ്ങന എന്നില്‍ ഭക്തി വളരാന്‍ തടസ്സം സൃഷ്ടിക്കുന്ന സകല പരിപാടികളും ഉപേക്ഷിക്കും, അതാണ് ശീലം. 

ഭക്തി വര്‍ധിപ്പിക്കുന്ന എല്ലാ പരിപാടികളും ആരംഭിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്യും. അതും ശീലമാണ്.

എന്നാല്‍ ഞാന്‍ ആരംഭിച്ചതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍ പങ്കെടുത്തതുകൊണ്ടാണ്, ആ ഭജന പരിപാടി അല്ലെങ്കില്‍ പ്രഭാഷണ പരിപാടി വിജയിച്ചതെന്ന് ലേശം പോലും അഭിമാനിക്കുകയില്ല; അങ്ങനെ ശീലിച്ചിട്ടില്ല.

ഏതു കര്‍മ്മങ്ങളുടെയും ഫലം, പ്രശസ്തി, സ്ഥാനമാനങ്ങള്‍, ധനം, മുതലായവ എന്റെ ഭക്തന്‍ സ്വീകരിക്കുയേ ഇല്ല; അങ്ങനെ ശീലിച്ചിരിക്കുന്നു.

ഭക്തി വര്‍ധിപ്പിക്കുന്ന ശ്രവണകീര്‍ത്തനാദികളും ധ്യാനങ്ങളും പ്രദക്ഷിണ നമസ്‌കാരങ്ങളും ഭഗവാനായ എന്നില്‍ തന്നെ സമര്‍പ്പിക്കുക. ഈ വിധത്തില്‍ തന്നെ ചെയ്തു ശീലിപ്പിച്ചിരിക്കുന്നു.

ഇങ്ങനെയുള്ള എന്റെ ഭക്തന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.

പഴയകാല സംഭവങ്ങള്‍ ഭക്തനെ 

പിന്തിരിപ്പിക്കില്ല (12-17)

 യഃ നഹൃഷ്യതി

ഭക്തിയോഗത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള സ്ഥിതി ഒരു ഭക്തനെ സന്തോഷിപ്പിക്കുകയില്ല. അന്ന് ധനം, ഗൃഹം, ബന്ധുജനങ്ങള്‍ എല്ലാംകൂടി സുഖജീവിതമായിരുന്നുവെങ്കിലും ദൃഢഭക്തന്‍, ഭക്തിയോഗം നിര്‍ത്തിവച്ച് തിരിച്ചുപോയേക്കാം എന്ന് തീരുമാനിക്കുകയില്ല.

നദ്വേഷ്ടി- ആ ധനവും വീടും സുഖവും നശിക്കാന്‍ കാരണം സമീപത്തു താമസിക്കുന്ന ഒരു ധനികനായിരുന്നു. ആ വ്യക്തിയെ കൊലപ്പെടുത്താം എന്ന് ഉത്തമഭക്തന്‍ തീരുമാനിക്കുകയില്ല.

 നശേചതി, നകാംക്ഷതി-ഒരു ഉത്തമ ഭക്തന്‍ ആ പോയ കാലം- നല്ല കാലം-ഓര്‍ത്തു കണ്ണീരൊഴുക്കുകയില്ല. വീണ്ടും ധ്യാനം സമ്പാദിക്കാം, ഗൃഹം പണിയാം, വിവാഹം കഴിക്കാം, ഭൗതികജീവിതം തന്നെ തുടര്‍ന്നേക്കാം എന്ന് തീരുമാനിക്കുകയില്ല. ആരെങ്കിലും സ്വയം ഛര്‍ദ്ദിച്ച വസ്തുവീണ്ടും  ഭക്ഷിക്കുമോ?

''പുനശ്ച സംന്യാസി ഗൃഹസ്ഥനാവുകില്‍

ജനങ്ങളെന്തെന്തുഹസിച്ചുരച്ചിടാ?''

എന്ന ബോധം നിലനിര്‍ത്തുകയും ചെയ്യും.

ശുഭാശുഭ പരിത്യാഗീ

പുണ്യകര്‍മങ്ങളും പാപകര്‍മങ്ങളും ഭക്തിയോഗത്തിന് ഒരുപോലെ വിഘ്‌നകര്‍മ്മങ്ങളാകയാല്‍, അത്തരം ഊരാക്കുടുക്കുകള്‍ പണ്ടേ ഉപേക്ഷിച്ച് ശീലിച്ചവനാണ്, ഭക്തന്‍. ആ ദൃഢ ഭക്തന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.