ബെഹ്‌റയെ മാറ്റി അസ്താന വിജിലന്‍സ് ഡയറക്ടര്‍

Tuesday 13 February 2018 2:45 am IST

തിരുവനന്തപുരം:  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താനയാണു പുതിയ വിജിലന്‍സ് ഡയറക്ടര്‍. ബെഹ്‌റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. നിലവില്‍  ദല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണു വഹിക്കുന്നത്. ലീഡര്‍ഷിപ്പ് ഫെയ്‌ല്യര്‍ ഇന്‍ പോലീസ് അടക്കമുള്ള നിരവധി ബുക്കുകളുടെ രചയിതാവാണ് ഡോ. അസ്താന. സിആര്‍പിഎഫില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോബ്രാ വിംഗിന് പിന്നിലെ തലച്ചോറായിട്ടാണ്  അസ്താനയെ വിലയിരുത്തുന്നത്.

്ര്രകമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡര്‍ പദവിയിലുള്ള വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ്. സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തസ്തികകളാണു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിജിപിമാരുടെ കേഡര്‍ തസ്തിക. ഡിജിപി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല. മാത്രമല്ല, രണ്ടു തസ്തികയും ഒരാള്‍ വഹിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറു മാസത്തിലധികം കേഡര്‍ തസ്തികയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സ്ഥിരം വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമര്‍ശിച്ചിരുന്നു. ഒരു സര്‍ക്കാരും ഈ രണ്ടു സുപ്രധാന പദവികളില്‍ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.