കുറ്റിപ്പുറം ബോംബ് കേസ് അന്വേഷണം നിലച്ചു

Tuesday 13 February 2018 2:45 am IST

മലപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ നിലച്ചു. പ്രതിരോധ വകുപ്പിനു കീഴിലെ ആയുധനിര്‍മ്മാണ ശാലയില്‍നിന്നു കുഴിബോംബുകള്‍ കൈമാറിയ ഡിപ്പോകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണം സ്തംഭിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് പോലീസ് പറയുന്നു. സൈന്യത്തിന്റെ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

ജനുവരി അഞ്ചിനാണ് കുറ്റിപ്പുറം പാലത്തിന്റെ അഞ്ചും ആറും തൂണുകള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള അഞ്ചു ക്ലേമോര്‍ കുഴിബോംബുകള്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ പോലീസ് മേധാവിക്കായിരുന്നു അന്വേഷണച്ചുമതല. പിന്നീട് മലപ്പുറം മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ അന്വേഷണം ഏറ്റെടുത്തു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. മഹാരാഷ്ട്രയില്‍ പ്രതിരോധ വകുപ്പിനു കീഴിലുള്ള ചന്ദ്രപൂര്‍ ഫാക്ടറിയിലാണ് കുഴിബോംബുകള്‍ നിര്‍മ്മിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കുറ്റിപ്പുറത്ത് നിന്ന് കണ്ടെടുത്ത ബോബുകളുടെ വിവരങ്ങള്‍ ഡിവൈഎസ്പി ജെയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്രയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയിലെത്തി ശേഖരിച്ചത്. ഈ ഫാക്ടറിയില്‍നിന്ന് 1981, 1991, 1992, 2000, 2001 വര്‍ഷങ്ങളില്‍ നിര്‍മിച്ച കുഴിബോംബുകളാണ് കുറ്റിപ്പുറത്തുനിന്നു ലഭിച്ചത്. എന്നാല്‍ ഇവ ഏത് ഡിപ്പോകളിലേക്ക് കൈമാറിയതാണെന്ന വിവരമാണ് ഇനി സൈന്യത്തില്‍നിന്നു ലഭിക്കാനുള്ളത്.

ഇതിനിടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്‌സണ്‍ കെ.ഏബ്രഹാമിനും തിരൂര്‍ ഡിവൈഎസ്പി വി.എ.ഉല്ലാസിനും സ്ഥലമാറ്റവും ഉണ്ടായി. കുഴിബോംബുകള്‍ക്ക് പിന്നാലെ പാലത്തിന് അടിയില്‍നിന്നു കണ്ടെത്തിയ വെടിയുണ്ടകളെക്കുറിച്ചും വെടിക്കോപ്പുകളെക്കുറിച്ചുമുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.