ദേവസ്വം ബോര്‍ഡുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി

Tuesday 13 February 2018 2:45 am IST

കൊച്ചി : തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്നും പഴുതടച്ചുള്ള ഭരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ടിജി മോഹന്‍ദാസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ഫെബ്രുവരി 14 ന് ഹൈക്കോടതി വാദം കേള്‍ക്കും. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നും ഹിന്ദു മത വിശ്വാസപ്രകാരമല്ലെന്നുമാരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ഒരു പ്രസിഡന്റും രണ്ടംഗങ്ങളും ഉള്‍പ്പെട്ട സംവിധാനമാണ് നിലവിലുള്ളത്. അംഗങ്ങളില്‍ ഒരാളെ നിയമസഭയിലെ ഹിന്ദു എം.എല്‍.എമാരും മറ്റൊരാളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. ഹിന്ദു എം.എല്‍.എമാര്‍ക്ക് അംഗത്തെ തിരഞ്ഞെടുക്കാന്‍ ഇടത് വലതു മുന്നണികള്‍ വിപ്പ് നല്‍കുന്നുണ്ട്. ഹിന്ദുമത വിശ്വാസമല്ല രാഷ്ട്രീയ താല്പര്യമാണ് ഇതിനു പിന്നിലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും പുറമേ ഡോ. സുബ്രഹ്മണ്യ സ്വാമി, എസ്.എന്‍.ഡി.പിയോഗത്തിന്റെയും എന്‍. എസ്.എസിന്റെയും കേരള പുലയ മഹാസഭയുടെയും ജനറല്‍ സെക്രട്ടറിമാര്‍, ഹിന്ദു ഐക്യവേദി എന്നിവരെയും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.