ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമമെന്ന് മാനേജ്‌മെന്റ്

Tuesday 13 February 2018 2:45 am IST

ആലപ്പുഴ: ഒരുവിഭാഗം നഴ്‌സുമാര്‍  ആറുമാസമായി നടത്തുന്ന സമരം അന്യായമാണെന്ന് ചേര്‍ത്തല കെവിഎം ആശുപത്രി മാനേജ്‌മെന്റ് കുറ്റപ്പെടുത്തി. ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഒരുവിഭാഗം ശ്രമിക്കുകയാണ്. 

ആശുപത്രി കവാടത്തില്‍ നേരത്തെ ഒരു സമരപ്പന്തലായിരുന്നു. ഇപ്പോള്‍ രണ്ടു പന്തല്‍ സ്ഥാപിച്ച് ഇവിടെ എത്തുന്ന രോഗികളെ പിന്തിരിപ്പിക്കുകയാണ്. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വം ഏകപക്ഷീയമായാണ് കാര്യങ്ങള്‍ കാണുന്നത്. 

സമരപ്പന്തല്‍ പൊളിച്ചു നീക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സമരക്കാര്‍ക്കെതിരെ നിയമാനുസരണം ഗാര്‍ഹിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.

നഴ്‌സുമാര്‍ നേരത്തെ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെല്ലാം ആശുപത്രി മാനേജ്‌മെന്റ് അംഗീകരിച്ച് നടപ്പാക്കിയിരുന്നു. എന്നിട്ടും സമരം തുടരുന്നത് ആരുടെയെങ്കിലും താത്പര്യം സംരക്ഷിക്കാനാണോയെന്ന് സംശയമുള്ളതായും അവര്‍ പറഞ്ഞു.

എന്നാല്‍ സമരം ശക്തമായി തുടരുമെന്നാണ് യുഎന്‍എ സെക്രട്ടറി ആര്യ പറഞ്ഞു. 15ലെ സംസ്ഥാന വ്യാപക പണിമുടക്കോടെ സമരം വ്യാപിപ്പിക്കുകയും ശക്തമാക്കുമെന്നും ആര്യ പറഞ്ഞു. നേരത്തെ രണ്ടു നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്നാണ് കെവിഎം മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ സമര രംഗത്തുള്ള മുഴുവന്‍ നഴ്‌സുമാരെയും ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, 2013ല്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം അനുവദിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് 116 നഴ്‌സുമാര്‍ സമരം തുടരുന്നതെന്നും ആര്യ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.