ലക്ഷ്യം, ചരിത്രനേട്ടം

Tuesday 13 February 2018 2:45 am IST

പോര്‍ട്ട്എലിസബത്ത്: പിഴവുകളില്‍ കുരുങ്ങി നാലാം ഏകദിനത്തില്‍ തോല്‍വയിലേക്ക് വഴുതി വീണ ഇന്ത്യ , ഉയിര്‍ത്തേഴുന്നേറ്റ് ചരിത്ര വിജയത്തിലേക്ക് പിടിച്ചുകയറാന്‍ കളിക്കളത്തിലിറങ്ങുന്നു. അഞ്ചാം മത്സരത്തില്‍ അവര്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യ ചരിത്രത്തിലേക്ക് കുതിക്കും.ദക്ഷിണാഫ്രക്കയില്‍ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന ബഹുമതി വിരാട് കോഹ്‌ലിക്കും കൂട്ടുകാര്‍ക്കും സ്വന്തമാകും.

ജോഹന്നസ്ബര്‍ഗില്‍ക്കുറിച്ച വിജയത്തിന്റെ പുത്തന്‍ ഊര്‍ജവുമായി ഇറങ്ങുന്ന ആതിഥേയരും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. പോര്‍ട്ട് എലിസബത്തിലും അവസാനമത്സരത്തിലും വിജയം പിടിച്ചാല്‍ അവര്‍ക്ക് പരമ്പര നഷ്ടം ഒഴിവാക്കാനാകും. നാലു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യ മൂന്നിലും വിജയക്കൊടി പറത്തിയ ഇന്ത്യ പരമ്പരയില്‍ 3-1 ന് മുന്നിട്ടുനില്‍ക്കുകയാണ്.

ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാരും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മരും തമ്മിലുള്ള പോരാട്ടമാണ് നാലു മത്സര

ങ്ങളിലും കണ്ടത്. ജോഹന്നസ് ബര്‍ഗിലെ നാലാം മത്സരത്തിനിടയ്ക്ക് മഴയെത്തിയതും ഫീല്‍ഡര്‍മാര്‍ നിര്‍ണായക ക്യാച്ച് കൈവിട്ടതും ഇന്ത്യന്‍ തോല്‍വിക്ക് കാരണമായി. പഴുതടച്ചുള്ള പ്രകടനത്തിലൂടെ വീണ്ടുമൊരു വിജയത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം.

എന്നാല്‍ പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ റെക്കോഡ് വളരെ മോശമാണ് .1992 നു ശേഷം ഇവിടെ കളിച്ച അഞ്ചു മത്സരങ്ങളിലും തോറ്റുതുന്നംപാടി. ഈ അഞ്ചു മത്സരങ്ങളിലും ഇന്ത്യക്ക് 200 റണ്‍സ് നേടാനായിട്ടില്ല. 2001 ല്‍ ദക്ഷിനണാഫ്രിക്കക്കെതിരെ നേടിയ 176 റണ്‍സാണ് ഇവിടെ ഇന്ത്യ കുറിച്ച ഉയര്‍ന്ന സ്‌കോര്‍. അതേസമയം ദക്ഷിണാഫ്രിക്ക ഇവിടെ കളിച്ച 32 മത്സരങ്ങളില്‍ പതിനൊന്നെണ്ണത്തിലെ തോറ്റിട്ടുള്ളൂ.

പിച്ച് സ്പിന്നര്‍മാരുടെ പറുദീസയാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹീര്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. 2016 ഒക്‌കോബറില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍മാരായ താബ്‌റൈസ് ഷംസി മൂന്ന് വിക്കറ്റും ആരോണ്‍ ഫന്‍ഗിസോ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. 

കേപ്ടൗണ്‍ ഏകദിനത്തില്‍ പരിക്കേറ്റ കേദാര്‍ ജാദവ് ഇന്നും മത്സരിക്കാന്‍ സാധ്യതയില്ല. സ്പിന്നര്‍മാരായ ചഹല്‍ , കുല്‍ദീപ് എന്നിവര്‍ക്കൊപ്പം ഭംഗിയായി പന്തെറിയുന്ന ഓള്‍ റൗണ്ടറാണ് കേദാര്‍. കേദാറിന്റെ അഭാവത്തില്‍ പാണ്ഡ്യയുടെ ജോലിഭാരം കൂടും.

പാണ്ഡ്യക്ക് ബാറ്റിങ്ങില്‍ മികവ് കാട്ടാനായിട്ടില്ല. അവസാന രണ്ട് മത്സരങ്ങളില്‍ 14 റണ്‍സിനും ഒമ്പത് റണ്‍സിനും പുറത്തായി. ഓപ്പണര്‍ രോഹിതും ബാറ്റിങ്ങില്‍ തികഞ്ഞ പരാജയമാണ്. അതേസമയം നായകന്‍ വിരാട് കോഹ് ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും കത്തിക്കയറുകയാണ്. നാലു മത്സരങ്ങളിലായി കോഹ് ലി 393 റണ്‍സും ശിഖര്‍ ധവാന്‍ 271 റണ്‍സും നേടിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.