സർജിക്കൽ സ്ട്രൈക്കുകൾ തുടരുകതന്നെ വേണം

Tuesday 13 February 2018 2:45 am IST

ഭീകര സംഘടനകളോടുള്ള സമീപനത്തില്‍ പാക്കിസ്ഥാനൊരിക്കലും മാറ്റം വരുത്താനാവില്ലെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണം. പാക് അതിര്‍ത്തി മറികടന്നുള്ള നിരന്തരമായ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ മാത്രമാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് എത്തുന്ന ഭീകരരെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. ഭീകരക്യാമ്പുകളെയും ഭീകരരുടെ ലോഞ്ചിങ് പാഡുകളെയും ഇല്ലാതാക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മാത്രമേ സാധിക്കൂ.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമത മ്യാന്‍മര്‍, പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം ശക്തമായ നടപടികള്‍ ആവര്‍ത്തിക്കുകതന്നെ വേണം. ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്ന പാക് അധീന കശ്മീരിലെ ഭീകരസാന്നിധ്യം ഇല്ലാതാക്കാന്‍ അതിര്‍ത്തി മറികടന്നുള്ള നിരന്തരമായ ആക്രമണങ്ങള്‍ക്ക് സാധിക്കും. പ്രതിരോധ രംഗത്തെ വിദഗ്ധരും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാത്ത ഇത്തരം സൈനിക നടപടികളെ പിന്തുണയ്ക്കുന്നുണ്ട്. 

കഴിഞ്ഞ കുറേ ആഴ്ചകളായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അതിരൂക്ഷമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭീകരരെ അതിര്‍ത്തി കടത്തുന്നതിനുള്ള പാക് സൈന്യത്തിന്റെ തന്ത്രമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരേ വെടിയുതിര്‍ത്ത് ശ്രദ്ധതിരിക്കുകയെന്നത്. ഇത്തരത്തില്‍ നുഴഞ്ഞു കയറിയ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ക്യാമ്പിന് പിന്നിലൂടെ അകത്തേക്ക് പ്രവേശിച്ച ഭീകരര്‍ സൈനികരുടെ കുടുംബാംഗങ്ങളെയാണ് ലക്ഷ്യംവച്ചത്. വീടിനുള്ളില്‍ കടന്ന ഭീകരരില്‍ നിന്നും കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് നിരായുധരായ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്. പത്തോളം കുടുംബാംഗങ്ങള്‍ക്കും വെടിയേറ്റു. ഒരാള്‍ മരിക്കുകയും ചെയ്തു. 

ഇന്നലെ കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേര്‍ക്ക് വീണ്ടും ഭീകരാക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. കരണ്‍നഗറിലെ സിആര്‍പിഎഫിന്റെ 23-ാം ബറ്റാലിയന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഭീകരാക്രമണം തടയാന്‍ ശ്രമിച്ച ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ശൈത്യകാലത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറ്റുന്ന പാക് സൈന്യത്തിന്റെ പതിവ് ഇത്തവണയും തുടര്‍ന്നതിന്റെ തെളിവുകളാണ് സുന്‍ജുവാന്‍, കരണ്‍നഗര്‍ ആക്രമണങ്ങള്‍. സൈന്യത്തിന്റെ കൈവശമുള്ള എ.കെ 47 തോക്കുകളും ഗ്രനേഡുകളുമാണ് ഭീകരര്‍ ഉപയോഗിച്ചതും. അന്താരാഷ്ട്ര തലത്തില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ ഒറ്റപ്പെടുമ്പോഴും ഭീകരരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് ആ രാജ്യം ഒരടി പോലും പിന്നോട്ടില്ലെന്ന് ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തെളിയിക്കുന്നു.

ഭീകരതയെ പിന്തുണയ്ക്കുന്ന നയത്തിനെതിരെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള അയല്‍ രാജ്യങ്ങളെല്ലാം അണിനിരക്കുമ്പോഴും, അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ നിരന്തര വിമര്‍ശനം ഉന്നയിക്കുമ്പോഴും പാക്കിസ്ഥാന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. അവരുടെ മണ്ണില്‍ കടന്നുള്ള ആക്രമണം തന്നെയാണ് ഇത്തരം ശല്യങ്ങള്‍ നിര്‍ത്താന്‍ ഫലപ്രദം. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ പാക് മണ്ണില്‍ തുടരുകതന്നെ വേണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.