വികാസ് യാത്ര 15,16 ന് കൊച്ചിയില്‍

Tuesday 13 February 2018 2:00 am IST

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര പതിനഞ്ചിനും പതിനാറിനും കൊച്ചിയിലെത്തും. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും പ്രവര്‍ത്തനസജ്ജമാക്കുകയെന്നാണ് പരിപാടിയുടെ ലക്ഷ്യം. തികച്ചും സംഘടനാത്മകമായ പര്യടനം ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

യാത്രയുടെ ഭാഗമായി ജില്ലയിലെ ഇരുപതോളം യോഗങ്ങളില്‍ പങ്കെടുക്കുകയും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി ആശയവിനിമയം നടത്തും. വ്യാഴാഴ്ച രാവിലെ സെന്റ് തെരേസാസ് കോളേജിന് മുന്നില്‍ വികാസ് യാത്രയ്ക്ക് സ്വീകരണം നല്‍കുന്നതോടു കൂടി ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സുഭാഷ് പാര്‍ക്കിലെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ബിടിഎച്ച് ഹാളില്‍ ബിജെപി കോര്‍ കമ്മിറ്റിയും സമ്പൂര്‍ണ്ണ ജില്ലാ കമ്മിറ്റിയും ചേരും. തുടര്‍ന്ന് പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രഹാളില്‍ വിവിധ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഉപരിപ്രവര്‍ത്തക യോഗവും വൈകീട്ട് തൃപ്പൂണിത്തുറ എന്‍എം ഹോട്ടലില്‍ സാമൂഹിക-സമുദായ സംഘടന നേതാക്കളുടെ കൂടിക്കാഴ്ച നടക്കും. പുതിയതായി ബിജെപിയില്‍ ചേര്‍ന്നവരുടെ പൊതുസമ്മേളനം കോലഞ്ചേരിയില്‍ നടക്കുന്നതോടു കൂടി ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും.

 പതിനാറിന് രാവിലെ ഐടി സോഷ്യല്‍ മീഡിയ യോഗത്തിന് ശേഷം ചേരാനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെയും ചെറായി സഹോദരന്‍ അയ്യപ്പന്റെയും വസതി കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉദ്യോഗ മണ്ഡലില്‍ തൊഴിലാളി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകീട്ട് ആവുവ ടൗണ്‍ ഹാളില്‍ ആദ്യകാല പ്രവര്‍ത്തകരുടെയും ബലിദാനികളുടെ കുടുംബങ്ങളുടെയും യോഗം ചേരും. അങ്കമാലിയിലെ പാണ്ടറ കോളനി സന്ദര്‍ശിച്ചതിന് ശേഷം വൈകീട്ട് പറവൂരില്‍ ബൂത്ത് സമ്മേളനം സമാപിക്കുന്നതോടു കൂടി അന്നത്തെ പരിപാടികള്‍ക്ക് സമാപനമാകും. മേഖലാ സെക്രട്ടറി എന്‍.പി ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ് ഷൈജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.