സമൂഹം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണം: കുമ്മനം രാജശേഖരന്‍

Tuesday 13 February 2018 2:00 am IST

 

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പാര്‍ശ്വവത്കരിക്കാതെ മുഖ്യധാരയിലേക്ക്  ഉയര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബിജെപി മുന്‍പന്തിയിലുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ മുദ്രാ വായ്പ പദ്ധതിയിലൂടെ വായ്പ കിട്ടിയ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡറായ തൃപ്തി ഷെട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ശ്വവത്കരിക്കപ്പെട്ടവരും അവഗണന നേരിടുന്നവരുമായ ആള്‍ക്കാരെ സഹായിക്കാനാണ് പ്രധാനമന്ത്രി മുദ്രാ പദ്ധതി ആവിഷ്‌കരിച്ചത്. തൃപ്തിക്ക് വായ്പ കിട്ടിയതോടെ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുകയാണ്. മുദ്രാവായ്പയിലൂടെ സ്വന്തം കാലില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കുന്ന തൃപ്തിയുടെ ഉദാഹരണം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ പദ്ധതിയില്‍നിന്നും 1,00,000 രൂപ വായ്പയെടുത്ത് ഏവര്‍ക്കും മാതൃകയാകുന്ന തരത്തില്‍ സംരംഭം തുടങ്ങിയ തൃപ്തി ഷെട്ടി അസാധ്യമായി ഒന്നും തന്നെയില്ലെന്ന്് തെളിയിച്ചെന്നും കുമ്മനം വ്യക്തമാക്കി.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ തൃപ്തിയുടെ തൃപ്തിസ് ഹാന്‍ഡ് ക്രാഫ്റ്റിസ് ആന്‍ഡ് ഫാഷന്‍  സ്റ്റാള്‍ അദ്ദേഹം സന്ദര്‍ശിച്ചു. റേഷന്‍ കാര്‍ഡ്, വോട്ടേര്‍സ് കാര്‍ഡ്, തുടങ്ങിയവ ലഭിക്കാത്തത് മൂലം യാതൊരുവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് തൃപ്തി കുമ്മനത്തോട് പരാതിപ്പെട്ടു. സ്വന്തമായി ഭൂമി ഇല്ലാത്തതു മൂലം കഷ്ട പെടുന്ന തങ്ങള്‍ക്കു വീട് വെക്കാന്‍ ആവശ്യമായ സൗകര്യം ചെയ്തു തരണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് തൃപ്തിക്കു ഉറപ്പു നല്‍കി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.