ടാങ്കറുകളില്‍ വില്‍ക്കുന്നത് മലിനജലം

Tuesday 13 February 2018 2:00 am IST

കാക്കനാട്: വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ള ടാങ്കറുകളിലൂടെ മലിനജലം വില്‍ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ജല സ്രോതസ്സുകള്‍ വറ്റിവരണ്ടതും ടാങ്കര്‍ ജലവിതരണത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതാണ് മലിനജലം വിതരണത്തിന് എടുക്കുന്നതിന്റെ കാരണം. മലിനമായ പുഴകളില്‍ നിന്നും തോടുകളില്‍ നിന്നും മറ്റും ടാങ്കര്‍ലോറികളില്‍ വെള്ളം നിറച്ചു വില്‍ക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

നിലവില്‍ ടാങ്കര്‍ ജലവിതരണ സര്‍വ്വീസ് നടത്തുന്ന 80 ശതമാനം ടാങ്കര്‍ ലോറികളും നല്ല വെള്ളമാണ് നല്‍കുന്നതെന്നും 20 ശതമാനം ടാങ്കറുകളാണ് മലിനജലം വിതരണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളം കിട്ടാത്ത പ്രദേശങ്ങളുടെ പട്ടികയിലേക്ക് പുതിയ സ്ഥലങ്ങള്‍ കൂടി വന്നതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടാങ്കര്‍ വെള്ളം ആവശ്യമായി വന്നിട്ടുണ്ട്. വന്‍കിട പാര്‍പ്പിടസമുച്ചയങ്ങളിലും മറ്റും വെള്ളം എത്തിക്കുന്നത് ടാങ്കര്‍ ലോറികളാണ്. ശുദ്ധജലം കിട്ടാതെ വരുമ്പോള്‍ കൂടുതല്‍ ടാങ്കര്‍ ലോറിക്കാര്‍ മലിനജലം തേടിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കാണണമെന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലുണ്ട്.  

ജില്ല കൊടും വരള്‍ച്ചയിലേക്കു നീങ്ങുകയാണെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിക്കുന്ന പരാതികള്‍ വ്യക്തമാക്കുന്നു. നാടെങ്ങും വറ്റിവരളുമ്പോള്‍ കുടിവെള്ളമെത്തിക്കാനുള്ള ബദല്‍ നടപടികള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും ടാങ്കര്‍ വഴിയും പൈപ്പിലൂടെയുമെത്തുന്ന വെള്ളം ഒന്നിനും തികയുന്നില്ല. പെരിയാര്‍ ഉള്‍പ്പെടെയുള്ള ജല സ്രോതസ്സുകളില്‍ വെള്ളം കുറഞ്ഞതും ഉപഭോക്താക്കളുടെ എണ്ണം കൂടിയതും ജല അതോറിറ്റിയെയും വെട്ടിലാക്കുന്നു.

നാട്ടിന്‍പുറങ്ങളില്‍ പതിവിലും നേരത്തെ കിണറുകള്‍ വറ്റിയതായി തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  കിണറുകളില്‍ നിന്നു വെള്ളം കിട്ടാതെ വരുമ്പോള്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം പെരുകിയതോടെ പൈപ്പിലൂടെയുള്ള കുടിവെള്ളവും പലയിടത്തും കിട്ടാത്ത അവസ്ഥയാണ്.  ഭൂഗര്‍ഭ വെള്ളത്തെ ആശ്രയിക്കുന്ന കുഴല്‍ക്കിണര്‍ ഉപഭോക്താക്കള്‍ക്കു പോലും ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല. പലപ്പോഴും നിറ വ്യത്യാസമുള്ള വെള്ളമാണു കുഴല്‍ക്കിണറുകളില്‍ നിന്നു ലഭിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.