വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് സിസിടിവി വ്യാപാരികളല്ലെന്ന്

Tuesday 13 February 2018 2:00 am IST

കൊച്ചി: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കു പിന്നില്‍ സിസിടിവി വ്യാപാരികളാണെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് സിസിടിവി വ്യാപാരികളുടെ സംഘടനയായ ഓള്‍ കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആന്‍ഡ് സിസ്റ്റം അസോസിയേഷന്‍ (അക്കേഷ്യ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോപണത്തിനു പിന്നില്‍ സാമുഹ്യവിരുദ്ധരാണ്. 

തൃപ്പൂണിത്തുറയിലെ ഒരു വീട്ടില്‍ സിസിടിവി വ്യപാരി കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചെന്നും പിന്നീട് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി മാപ്പപേക്ഷിച്ചെന്നും കാസര്‍ഗോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നറിഞ്ഞു. ഇനിയും ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സംഘടനാ  ഭാരവാഹികള്‍ പറഞ്ഞു. 

തുടര്‍ച്ചയായ മോഷണങ്ങള്‍ സിസിടിവി വ്യവസായത്തിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടില്ലെന്നും സാധാരണയായി 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ച സിസിടിവി വ്യവസായത്തില്‍ ഓരോ വര്‍ഷവും സംഭവിക്കുന്നതാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സംഘടനാ ഭാരവാഹികളായ ദീപു ഉമ്മന്‍, ആര്‍. ആര്‍. രാമചന്ദ്രന്‍ നായര്‍, ഷിറാഫ് ബഷീര്‍, ജോബി ഫ്രാന്‍സീസ്, കെ. എ. ഫിറോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.