ദേശദ്രോഹം പിണറായിമാരുടെ ജനിതകഘടന: ആര്‍എസ്എസ്

Tuesday 13 February 2018 2:45 am IST

കോഴിക്കോട്: സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയതിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം സത്യവിരുദ്ധവും സ്വന്തം പാര്‍ട്ടിയുടെ ദേശദ്രോഹമുഖം മറച്ചുവയ്ക്കുന്നതുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസഫര്‍ നഗറിലെ സംഘപരിപാടിയില്‍ സര്‍സംഘചാലക് ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുകയോ, ഇകഴ്ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും അഭിമാനത്തിനുംവേണ്ടി പോരാടുന്ന ഓരോ സൈനികനേയും ഹൃദയത്തില്‍ വച്ച് ആരാധിക്കുന്നവരുടെ പ്രസ്ഥാനമാണ് ആര്‍എസ്എസ്.

ഭാരതം ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്തപ്പോഴൊക്കെ ജീവന്‍ പണയംവച്ച് സൈനികരുടെ പിന്‍നിരയായി നിന്ന് പ്രവര്‍ത്തിച്ചവരാണ് സ്വയംസേവകര്‍. ഈ രാജ്യസ്‌നേഹവും ധീരതയും മുന്‍നിര്‍ത്തിയാണ് 1962-ലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്വയംസേവകര്‍ അണിനിരന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായി ദേശദ്രോഹം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. 1962-ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സൈന്യത്തില്‍ നുഴഞ്ഞുകയറി അഞ്ചാംപത്തികളുടെ സംഘമുണ്ടാക്കി ശത്രുരാജ്യത്തെ സഹായിക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചു. പില്‍ക്കാലത്ത്  സിപിഎം ജനറല്‍ സെക്രട്ടറിയായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്താണ് ഈ ദേശവിരുദ്ധ ദൗത്യം ഏറ്റെടുത്തത്. ആക്രമിച്ചു കയറിവരുന്ന ചെമ്പടയെ സഹായിക്കാന്‍ കൊല്‍ക്കത്തയില്‍ പ്രത്യേക റേഡിയോ സ്റ്റേഷന്‍ വരെ പിണറായിയുടെ മുന്‍ഗാമികള്‍ സ്ഥാപിക്കുകയുണ്ടായി. ശപിക്കപ്പെട്ട ഈ ചരിത്രമൊക്കെ മായ്ച്ചുകളയാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, പരാജയത്തിന്റ പടുകുഴിയില്‍ കിടക്കുമ്പോഴും  ദേശവിരുദ്ധ മനോഭാവം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന് തെളിവാണ് ഇന്ത്യന്‍ സൈന്യം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. പിണറായിമാരുടെ ജനിതക ഘടന തന്നെ ദേശവിരുദ്ധമാണ്. ചൈനയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള കോടിയേരിയുടെയും പിണറായിയുടേയും സമീപകാലത്തെ പ്രസ്താവനകള്‍ ഇതാണ് കാണിക്കുന്നത്. 

ദേശസ്‌നേഹം എന്ന വാക്കുച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത സിപിഎം ആര്‍എസ്എസിനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ട. സര്‍സംഘചാലക് മുതല്‍ സാധാരണ സ്വയംസേവകന്‍ വരെ ദേശസ്‌നേഹത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.