മേലുകാവില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

Tuesday 13 February 2018 2:45 am IST

ഇടുക്കി: മേലുകാവില്‍ ഇടഞ്ഞ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. ആനപ്പുറത്തായിരുന്ന രണ്ടാം പാപ്പാന് നിലത്തിറങ്ങാനായത് രണ്ട് മണിക്കൂറുകള്‍ കഴിഞ്ഞ്. തളയ്ക്കുന്നതിനിടെയാണ് മേലുകാവ് ഈറ്റയ്ക്കല്‍ ബേബി(55)യെ ആന കുത്തി കൊന്നത്. കാഞ്ഞാര്‍ കൊച്ചുപുരയ്ക്കല്‍ വിഷ്ണുവാണ് ആനപ്പുറത്ത് കുടുങ്ങിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ മേലുകാവ് കുരിശുങ്കല്‍ ജംഗ്ഷന് സമീപമാണ് സംഭവം. ബേബിയെ തട്ടിമറിച്ചിട്ട ആന കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ ബേബിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപവാസിയുടെ പുരയിടത്തിലൂടെ ഓടിയ ആന ഏറെനേരം പരിഭ്രാന്തി പരത്തി. മേലുകാവ് പോലീസും ഈരാറ്റുപേട്ട അഗ്നിശമനസേനാ യൂണിറ്റും സംഭവസ്ഥലത്തെത്തി. റബര്‍ തോട്ടത്തിലൂടെ ഏറെനേരം ആന അക്രമാസക്തനായി ഓടിനടന്നു. പലതവണ വിഷ്ണുവിനെ കുലുക്കി താഴെയിടാന്‍ ആന ശ്രമവും നടത്തി.

എരുമേലി സ്വദേശി തേക്കുംതോട്ടത്തില്‍ റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗംഗാധരന്‍ എന്ന ആന. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റൊരു ആന ഉടമയും മറ്റ് പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ കയറിട്ട് ബന്ധിച്ചു. വെറ്ററിനറി സര്‍ജന്‍ സാബു സി. ഐസക്കിന്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച ശേഷമാണ് ആനയെ സുരക്ഷിതമായി റബര്‍ മരങ്ങളില്‍ തളച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.