നോട്ട് കടത്ത്: സൈനികന് കള്ളക്കടത്തുകാരുമായി ബന്ധം

Tuesday 13 February 2018 2:45 am IST

തിരുവനന്തപുരം :അരക്കോടിയോളം രൂപയുമായി ട്രെയ്‌നില്‍ യാത്രചെയ്യവേ സിബിഐ പിടികൂടിയ ബി എസ്എഫ് കമാണ്ടന്റ് ജിബു ഡി. മാത്യുവിന് ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സിബിഐ .അതിര്‍ത്തിയില്‍ ഇവര്‍ക്ക് വേണ്ടി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അനധികൃതമായി സഹായങ്ങള്‍ ചെയ്തു കൊടുത്തതിനു ലഭിച്ച കോഴപ്പണമാണു പിടികൂടിയതെന്നും സിബിഐ. 

ഇന്നലെ സിബിഐ കസ്റ്റഡി കാലാവധി കഴിഞ്ഞു കോടതിയില്‍ എത്തിച്ച പ്രതിയെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യാ അപേക്ഷയില്‍ വാദം ബുധനാഴ്ച കോടതി പരിഗണിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇയാളെ നേരത്തേ, പന്ത്രണ്ട് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ നല്‍കിയിരുന്നു .

 പിടികൂടിയ രൂപയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്രയും ദിവസം ആവശ്യപ്പെടുന്നതെന്ന് സിബി ഐ കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്ത  പ്രതിയുടെ പക്കല്‍നിന്നും ലഭിച്ച വിവരങ്ങള്‍ ഐബി പോലുള്ള അന്വേഷണ ഏജന്‍സിയെ അറിയിച്ചുണ്ടെന്നും റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു. സിബിഐ ഇന്‍സ്‌പെക്റ്റര്‍ പി .ടി. ജോണ്‍സണ്‍ ആണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 

പത്തനംതിട്ട സ്വദേശി  ജിബുവിനെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സിബിഐ പിടികൂടിയത് .ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബൈറാംപൂര്‍ യൂണിറ്റിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. സിബിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൊച്ചിന്‍ സിബിഐ  യൂണിറ്റിലെ എസ്പി ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിബുവിനെ ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നും പിടികൂടിയത് 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.