വീണ്ടും ഭീകരാക്രമണം; സൈനികന് വീരമൃത്യു

Tuesday 13 February 2018 2:45 am IST

ന്യൂദല്‍ഹി: ശ്രീനഗറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. 49 ബെറ്റാലിയനിലെ ജാഹിദ് ഖാന്‍ ആണ് വെടിയേറ്റ് മരിച്ചത്. ബീഹാര്‍ സ്വദേശിയാണ്. ശ്രീനഗറിലെ കരണ്‍ നഗര്‍ മേഖലയിലെ സിആര്‍പിഎഫ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപം ഇന്ന് പുലര്‍ച്ചെ നാലരക്ക് എകെ 47 തോക്കുകളും ബാഗുകളുമായി രണ്ട് ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയിരുന്നു.

ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം സേന വിജയകരമായി തടഞ്ഞെങ്കിലും ഇവര്‍ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്നു.  തുടര്‍ന്ന് സൈന്യം അടിയന്തരമായി കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് ഇരു കൂട്ടരും പരസ്പരം വെടിയുതിര്‍ത്തപ്പോഴാണ് ജവാന്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം സുന്‍ജുവാന്‍ കരസേനാ ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു സൈനികരും ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ടിരുന്നു. മൂന്നു ഭീകരരെ സൈന്യം വകവരുത്തുകയും ചെയ്തിരുന്നു.  അതിനിടെ സുന്‍ജുവാന്‍ ആക്രമണത്തിന്റെയും ഇന്നലെ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ ആക്രമണത്തിന്റെയും  ഉത്തരവാദിത്തം ലഷ്‌ക്കര്‍ ഇ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ ജമ്മുകശ്മീരില്‍ സുന്‍ജുവാന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.