കപ്പലില്‍ പൊട്ടിത്തെറി: 5 മരണം

Wednesday 14 February 2018 2:55 am IST
<

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയ കപ്പലില്‍ വന്‍പൊട്ടിത്തെറി. അഞ്ച് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ ഒന്‍പതേകാലോടെയാണ് എണ്ണപ്രകൃതി വാതക കമ്മീഷന്റെ പര്യവേഷണ കപ്പലായ സാഗര്‍ ഭൂഷണില്‍ സ്‌ഫോടനമുണ്ടായത്. വാട്ടര്‍ ടാങ്കിലുണ്ടായ വാതകച്ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

എറണാകുളം തേവര മമ്മാഞ്ഞിമുക്ക് കുറുപ്പശേരി പുത്തന്‍വീട്ടില്‍ കെ.ബി. ജയന്‍ (41), തൃപ്പുണിത്തുറ എരൂര്‍ ചെമ്പനേഴത്ത് സി.എസ്. ഉണ്ണികൃഷ്ണന്‍ (46), എരൂര്‍ കോഴിവെട്ടുംവെളിയില്‍ മഠത്തില്‍പറമ്പില്‍ എം.വി. കണ്ണന്‍ (42), വൈപ്പിന്‍ മാലിപ്പുറം പള്ളിപ്പറമ്പില്‍ റംഷാദ് എം. ഷെരീഫ് (22), പത്തനംതിട്ട ഏനാത്ത് ചരുവിള വടക്കേതില്‍ ജിവിന്‍ റെജി (30), എന്നിവരാണ് മരിച്ചത്.

കോതമംഗലം കോട്ടപ്പടി അയിരൂര്‍പാടം സ്വദേശി പി.ടി. ശ്രീരൂപ്, കോട്ടയം കല്ലറ സ്വദേശി സഞ്ജു ജോസഫ്, കൊല്ലം വാളകം സ്വദേശി അഭിലാഷ്, തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വേദശി ജെയ്‌സണ്‍ വര്‍ഗീസ്, ഉത്തര്‍പ്രദേശ് സ്വദേശി രാജന്‍ റാം, അങ്കമാലി കൊങ്ങോര്‍പള്ളി സ്വദേശി കെ. കെ.ടിന്റു, എറണാകുളം മുളവുകാട് സ്വദേശി പി.എക്‌സ്. ക്രിസ്റ്റീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 50 ശതമാനം പൊള്ളലേറ്റ ശ്രീരൂപിന്റെ നിലഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കപ്പല്‍ശാല 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും കപ്പല്‍ശാല വഹിക്കും. അപകടത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചു. 

ഒന്നാം നമ്പര്‍ ഡ്രൈഡോക്കിലായിരുന്ന കപ്പലിലെ ടാങ്കില്‍  പുതിയ ഉരുക്ക് പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതിനിടെ വാതകം ചോര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ടാങ്കിന്റെ ഭിത്തികള്‍ വളഞ്ഞു. കപ്പലിന് മറ്റ് കേട് സംഭവിച്ചിട്ടില്ല. 

<പൊട്ടിത്തെറിയില്‍ ടാങ്കില്‍ തീയും പുകയും നിറഞ്ഞു. ടാങ്കില്‍ നിന്നും ഗോവണിവഴിയേ പുറത്തേക്ക് ഇറങ്ങാനാകൂ. പരിക്കേറ്റവര്‍ ഈ ഗോവണിയില്‍ പിടിച്ചുകിടക്കുകയായിരുന്നു. രാവിലെ കപ്പലില്‍ വാതകത്തിന്റെ മണമുണ്ടെന്ന് കപ്പല്‍ശാലയിലെ സുരക്ഷാ വിഭാഗത്തെ അറിയിച്ചു. സീനിയര്‍ ഫയര്‍മാന്‍ സി.എസ്. ഉണ്ണികൃഷ്ണന്‍, സേഫ്റ്റി അസിസ്റ്റന്റ് ഗെവിന്‍ റെജി, ഫയര്‍ വാച്ച്മാന്‍ കെ.ബി. ജയന്‍ എന്നിവര്‍ ടാങ്കില്‍ പരിശോധന നടത്തുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.  ഈ സമയം ശ്രീരൂപ്, റംഷാദ്, കണ്ണന്‍ എന്നിവര്‍ ടാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. 

സൗദിയില്‍ രണ്ട് വര്‍ഷം ജോലി നോക്കിയശേഷം നാട്ടിലെത്തി വിവാഹിതനായ ജിവിന് പിന്നീടാണ് ഷിപ്പ് യാര്‍ഡില്‍ ജോലി ലഭിച്ചത്. റൂബിയാണ് ഭാര്യ. മൂന്ന് വയസ്സുള്ള ജോഹാന്‍ ഏക മകനും. അമ്മ മറിയാമ്മ നഴ്‌സായി യുപിയില്‍ ജോലി നോക്കുന്നു. അനുജന്‍ ജറിന്‍ റജി അവിടെ ബിസിഎ വിദ്യാര്‍ത്ഥിയാണ്.  

സിന്ധുവാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ: മക്കള്‍ ആര്യ, ആതിര (ഇരുവരും വിദ്യാര്‍ഥികള്‍). കണ്ണന്റെ ഭാര്യ: മായ, മക്കള്‍: സഞ്ജന, സഞ്ജിത് (ഇരുവരും വിദ്യാര്‍ഥികള്‍). വിദ്യയാണ് മരിച്ച കെ.ബി. ജയന്റെ ഭാര്യ. ഏകമകന്‍: പ്രവീണ്‍(വിദ്യാര്‍ഥി). എം.എച്ച്.എം. ഷെറീഫാണ് മരിച്ച റംഷാദിന്റെ അച്ഛന്‍. ഉമ്മ: റംല. സഹോദരി: ഷന്‍ഷീറ. ഗെവിന്‍ റെജിയുടെ മൃതദേഹം എറണാകുളം ലിസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.