കപ്പല്‍ശാല സ്ഫോടനം: മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി

Tuesday 13 February 2018 1:11 pm IST

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഊര്‍ജിതമായ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെയാണ് കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപണിക്ക് എത്തിയ കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. അഞ്ച് പേരാണ് സംഭവത്തില്‍ മരണപ്പെട്ടത്.   

സാഗര്‍ ഭൂഷണ്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പതിനൊന്നിലധികം പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ട്. അറ്റകുറ്റപണികളിലേര്‍പ്പെട്ട കരാറുകാര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.