കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

വെബ് ഡെസ്ക്
Tuesday 13 February 2018 2:41 pm IST

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മണ്ണഞ്ചേരി സ്വദേശികളാ‍യ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. 

പൊന്നാട് അമ്ബലക്കടവില്‍ കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയ രണ്ടു പേരാണു മരിച്ചത്. മൂന്നു പേരാണ് കിണറ്റിലിറങ്ങിയത്. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  14 അടി‍യിലധികം താഴ്ച‍യുള്ള കിണറിന്റെ അടിത്തട്ടില്‍ ശ്വാസം ലഭിക്കാത്തതാണ് മരണകാരണം. 

നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മറ്റൊരാള്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള ആളുടെ നില ഗുരുതരമാണ്. അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.