സ്ഫോടനകാരണം ടാങ്കില്‍ വാതകം നിറഞ്ഞതിനാല്‍; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം

Tuesday 13 February 2018 3:15 pm IST

കൊച്ചി: കൊച്ചിന്‍ കപ്പല്‍ ശാലയില്‍ കപ്പലിലുണ്ടായ സ്ഫോടനത്തിന് കാരണം വാട്ടര്‍ ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞതാണെന്ന് ഷിപ്പ് യാര്‍ഡ് സി.എം.ഡി മധു നായര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും കപ്പല്‍ശാല വഹിക്കും. ഡയറക്ടര്‍ ഓഫ് ഒപ്പറേഷന്‍സിന്റെ നേതൃത്വത്തില്‍ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും മധു നായര്‍ അറിയിച്ചു. ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. കപ്പലിന്റെ 'സ്ഥിരത' നിലനിര്‍ത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളില്‍ വെള്ളം നിറയ്ക്കാറുണ്ട്. അതില്‍ മുന്നിലെ ടാങ്കിലായിരുന്നു അപകടം.

സാഗര്‍ഭൂഷണ്‍ കഴിഞ്ഞ 30 വര്‍ഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാര്‍ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മധു നായര്‍ പറഞ്ഞു.

അപകടമുണ്ടായ വിവരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. അപകട മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി കപ്പല്‍ശാലയില്‍ എത്തുമെന്നും സിഎംഡി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത്. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.