മലപ്പുറം: എയര്‍ ഇന്ത്യാ സര്‍വ്വീസുകള്‍ യാത്രക്കാരെ വലക്കുന്നതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികളും സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് പ്രവാസി മലയാളികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്ഇന്ത്യാസര്വ്വീസുകള് പതിവായി മുടങ്ങുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെ വിമാനക്കമ്പനികളെയാണ് പലരും നാട്ടിലെത്താനായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ കമ്പനികള്‍ പലതും ഇപ്പോള്‍ കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കുകയോ എണ്ണം ചുരുക്കുകയോ ചെയ്യുകയാണ്. മലയാളികള്‍ക്ക് ഏറെ ആശ്രയമായിരുന്ന ബഹ്റെയിന്‍ ഏയര്‍വേയ്സ് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയാണ്. ആദ്യഘട്ടമായി തിരുവനന്തപുരം സര്‍വ്വീസുകള്‍ വ്യാഴാഴ്ചമുതല്‍ പൂര്‍ണ്ണാമായും റദ്ദാക്കി. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകളും ഈ മാസത്തോടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനാണ് ബഹറെയിന് എയര്‍വേയ്സിന്റെ തീരുമാനം. കേരളത്തിലേക്ക് എല്ലാദിവസവും ബഹ്റെയിന്‍ എയര്‍വേയ്സ് സര്‍വ്വീസുകള്‍ നടത്തിയിരുന്നതുമൂലം ഗള്‍ഫുനാടുകളില്‍ നിന്നുള്ള പ്രവാസി മലയാളികളില്‍ ഏറെപേരും യാത്രക്ക് ഇവരുടെ സര്‍വ്വീസുകളെ ഉപയോഗപ്പെടുത്തിയിരുന്നു. മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കുന്നതെന്നാണ് വിശദീകരണം. ബഹ്റെയിന്‍ എയര്‍വേയ്സിന് പിന്നാലെ സൗദി, കുവൈത്ത് എയര്‍വേയ്സുകളും കേരളത്തിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനുള്ള നീക്കത്തിലാണ്. അതെസമയം സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ പ്രവാസി മലയാളി സംഘടനകളുടെയും പരാതിയും അഭ്യര്‍ത്ഥനയും പരിഗണിച്ച് എയര്‍ഇന്ത്യ വെട്ടിക്കുറച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഗള്‍ഫ് സര്‍വ്വീസുകളും ആഭ്യന്തര സര്‍വ്വീസുകളും പുനരാരംഭിക്കാനാണ് തീരുമാനം.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: