ബസ്ചാര്‍ജ് കൂട്ടുന്നു; മിനിമം എട്ടു രൂപ

Wednesday 14 February 2018 2:53 am IST

തിരുവനന്തപുരം: ബസ് യാത്രക്കൂലി കൂട്ടാന്‍  ഇടതു മുന്നണി യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മിനിമം നിരക്ക് ഏഴില്‍ നിന്ന് എട്ട് രൂപയാക്കാനാണ് തീരുമാനം. ഫാസ്റ്റ് പാസഞ്ചറുകളില്‍  മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11 രൂപയാക്കും. സിറ്റി ഫാസ്റ്റുകളിലെ നിരക്കും എട്ട് രൂപയാക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകും. 

ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍. മുന്നണിയുടെ ശുപാര്‍ശ ലഭിച്ചതോടെ അടുത്ത മന്ത്രിസഭാ യോഗം ചാര്‍ജ് വര്‍ദ്ധിപ്പിച്ചുള്ള തീരുമാനമെടുക്കും. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം ബസ് ചാര്‍ജ് ഏഴില്‍ നിന്ന് എട്ടാക്കി ഉയര്‍ത്താന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്ന

സൂപ്പര്‍ എക്‌സ്പ്രസ്/എക്‌സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ് 13ല്‍ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പര്‍/സൂപ്പര്‍ ഡിലക്‌സ് ബസുകളില്‍ 20 രൂപയില്‍ നിന്ന് 22 രൂപയാക്കും. വോള്‍വോ ബസുകളില്‍ 45 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ഇപ്പോള്‍ ഇത് 40 രൂപയാണ്.

ബസ് ചര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 മുതല്‍ അനിശ്ചിത കാല സമരത്തിന് ബസുടമകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് വര്‍ധന കെഎസ്ആര്‍ടിസിയുടേയും ആവശ്യമാണ്.

2014 മേയ് 20നാണ് ഒടുവില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. ഡീസല്‍ വില കുതിച്ചുയര്‍ന്നതിനാല്‍ ചാര്‍ജ് വര്‍ദ്ധന അനിവാര്യമാണെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. 2011ലാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കിയത്. നിരക്ക് കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ചാര്‍ജ് വര്‍ധന നിര്‍ദ്ദേശം കഴിഞ്ഞ മന്ത്രി സഭായോഗത്തില്‍ ഗതാഗതമന്ത്രി കൊണ്ടു വന്നിരുന്നു. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടുവന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. അജണ്ടയില്‍ ഉള്‍പ്പെടുത്തി അടുത്ത യോഗത്തില്‍ കൊണ്ടുവരാനായിരുന്നു നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.