കരണ്‍ നഗര്‍ ഭീകരാക്രമണം; രണ്ടാമത്തെ ഭീകരനെയും സൈന്യം വധിച്ചു

വെബ് ഡെസ്ക്
Tuesday 13 February 2018 6:08 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരേ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനേയും സൈന്യം വധിച്ചു. ഭീകരാക്രമണശ്രമം പരാജയപ്പെട്ടതോടെ കരണ്‍ നഗര്‍ പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അഭയം തേടിയ ഭീകരരെയാണ് സൈന്യം വധിച്ചത്. 28 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് രണ്ടു ഭീകരരെയും വീഴ്ത്താനായത്. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു.

തിങ്കളാഴ്ച രാവിലെ 4.30 ഓടെയാണ് ആയുധധാരികളായ ഭീകരര്‍ എസ്എംഎച്ച്എസ് ആശുപത്രിക്കു സമീപത്തെ സിആര്‍പിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയ റാന്‍ ശ്രമം നടത്തിയത്. ഇതു സിആര്‍പിഎഫ് സൈന്യം പരാജയപ്പെടുത്തിയതോടെ കരണ്‍ നഗര്‍ പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഭീകരര്‍ അഭയം തേ ടുകയായിരുന്നു.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) 49-ാം ബറ്റാലിയനിലെ ജവാനാണ് കൊല്ലപ്പെട്ടത്. സുംജവാന്‍ ആര്‍മി ക്യാമ്പില്‍ രണ്ടു ദിവസം മുമ്പ് ജെയ്‌ഷെ-മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചു.