എത്ര സുന്ദരം പ്ലാറ്റിനം

Wednesday 14 February 2018 2:45 am IST

സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആഭരണങ്ങളോടുള്ള പ്രിയം പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളോടും ഇഷ്ടം കൂടുകയാണ് ഇന്നത്തെ തലമുറ. പ്ലാറ്റിനം ഫ്‌ളോറല്‍ ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പേരുപോലെതന്നെ പൂക്കളുടെ ആകൃതിയില്‍ രൂപകല്‍പന ചെയ്തവയാണിവ. ഇയര്‍ റിംഗ്‌സ്, മോതിരങ്ങള്‍, നെക്ലേസ് ഇതെല്ലാം പ്ലാറ്റിനത്തിലും ലഭിക്കും. 

വില കൂടുമെങ്കിലും ഏത് സന്ദര്‍ഭത്തിനും അനുയോജ്യമാണ് പ്ലാറ്റിനം ആഭരണങ്ങള്‍. ഓരോ വര്‍ഷവും പ്ലാറ്റിനത്തിന്റെ വില്‍പനയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് അതിന്റെ ജനപ്രീതിയെ സൂചിപ്പിക്കുന്നു. യുവജനതയാണ് പ്ലാറ്റിനത്തിന്റെ ആരാധകര്‍. പ്ലാറ്റിനം മോതിരങ്ങളോടായിരുന്നു ആദ്യകാലത്ത് പ്രിയമെങ്കില്‍ ഇപ്പോള്‍ വള, ബ്രേസ്‌ലെറ്റ്, ബ്രൈഡല്‍ സെറ്റ് എന്നിവയും പ്രിയങ്കരം തന്നെ. വില സ്വര്‍ണ്ണത്തെ അപേക്ഷിച്ച് കൂടുതലാണ്. ആഭരണങ്ങളുടെ വലിപ്പം, തൂക്കം, ഉപയോഗിച്ചിരിക്കുന്ന വജ്രം എന്നിവയെ ആശ്രയിച്ചാണ് വില. 

 ചരിത്രാതീതകാലം മുതല്‍ക്കേ പ്ലാറ്റിനത്തിന്റെ അപൂര്‍വതയെ മാനിച്ച് രാജകീയ ലോഹമായി പരിഗണിച്ചുവരുന്നു. ലഭ്യതയിലുള്ള കുറവാണ് വില വര്‍ധനവിന്  കാരണം. മറ്റ് ലോഹങ്ങളേക്കാള്‍ കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമാണിത്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും തിളക്കം നഷ്ടപ്പെടാതെയും തേഞ്ഞുപോകാതെയും നില്‍ക്കും.

95 ശതമാനവും ശുദ്ധമായതിനാല്‍ മറ്റ് ലോഹങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ അലര്‍ജിയുണ്ടാകുന്നില്ല എന്നത് പ്ലാറ്റിനത്തിന്റെ പ്രത്യേകതയാണ്. ഏതുതരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം. മറ്റൊരു പ്രത്യേകത പോറലുകള്‍ ഉണ്ടായാലും തൂക്കത്തില്‍ വ്യത്യാസം വരുന്നില്ല എന്നതാണ്. ആകര്‍ഷകവും പോളീഷ് ചെയ്തതുമായ രീതിയിലാണ് പ്ലാറ്റിനം ആഭരണങ്ങള്‍ പുറത്തിറക്കുന്നത്.

എല്ലാ പ്ലാറ്റിനം ആഭരണങ്ങളിലും (PE 950) എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആഭരണങ്ങളുടെ 95 ശതമാനം ശുദ്ധത തെളിയിക്കുന്നതാണ് ഈ രേഖപ്പെടുത്തല്‍.

അതേസമയം പ്ലാറ്റിനവും വൈറ്റ് ഗോള്‍ഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഭാരംകൊണ്ട് പ്ലാറ്റിനവും വൈറ്റ് ഗോള്‍ഡും തിരിച്ചറിയാം. വൈറ്റ് ഗോള്‍ഡിനേക്കാള്‍ ഭാരം പ്ലാറ്റിനത്തിനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.