രുദ്രാക്ഷ വിശേഷം

Wednesday 14 February 2018 2:40 am IST
ഒരിക്കല്‍ ശ്രീപരമേശ്വരന്‍ ധ്യാനനിമഗ്നനായി തപസ്സനുഷ്ഠിക്കുമ്പോള്‍ പെട്ടന്ന് മനശ്ചാഞ്ചല്യം ഉണ്ടാകുകയും കണ്ണുകള്‍ തുറക്കുകയും ചെയ്തു. അപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷം എന്ന പേരുള്ള മരമായി എന്നാണ് ഐതിഹ്യം.

ശ്രീപരമേശ്വരന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളതാണ് രുദ്രാക്ഷം എന്നാണ് വിശ്വാസം. രുദ്രാക്ഷം സ്പര്‍ശിച്ചാലും ഇതുപയോഗിച്ച് ജപിച്ചാലും രുദ്രാക്ഷം ദര്‍ശിച്ചാലും പാപം തീരുമെന്നും ഭക്തര്‍ കരുതുന്നു. ഭക്തന്മാരുടെ ശ്രേയസ്സിനുവേണ്ടി ശ്രീമഹാദേവന്‍ ദേവിയോട് രുദ്രാക്ഷത്തിന്റെ മാഹാത്മ്യം പറഞ്ഞുകേള്‍പ്പിക്കുന്നുണ്ട്. 

ഒരിക്കല്‍ ശ്രീപരമേശ്വരന്‍ ധ്യാനനിമഗ്നനായി തപസ്സനുഷ്ഠിക്കുമ്പോള്‍ പെട്ടന്ന് മനശ്ചാഞ്ചല്യം ഉണ്ടാകുകയും കണ്ണുകള്‍ തുറക്കുകയും ചെയ്തു. അപ്പോള്‍ ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷം എന്ന പേരുള്ള മരമായി എന്നാണ് ഐതിഹ്യം. ഭക്തരെ അനുഗ്രഹിക്കുന്നതിനായി ആ മരം കാശിപോലുള്ള പുണ്യസ്ഥലങ്ങളിലും ഉണ്ടായി. 

ശിവപ്രീതി നല്‍കുന്നവയാണ് രുദ്രാക്ഷങ്ങള്‍. അത് ധരിക്കുന്നതും മോക്ഷപ്രദമാണ്. വലുപ്പംകൊണ്ട് നെല്ലിക്കയ്ക്ക് തുല്യമായതാണ് ശ്രേഷ്ഠം എന്നും വിശ്വസിക്കപ്പെടുന്നു. തന്നത്താന്‍ തുളയുണ്ടായ രുദ്രാക്ഷം ഉത്തമമത്രെ. മര്‍ത്യന്‍ സ്വപ്രയത്‌നം കൊണ്ട് തുളച്ചുണ്ടാക്കുന്ന രുദ്രാക്ഷം മധ്യമം എന്നും കരുതപ്പെടുന്നു. മുള്ളില്ലാത്തതും കേടുവന്നതും കീടങ്ങള്‍ ദംശിച്ചതുമായ നെല്ലിക്കയേക്കാള്‍ കനം കുറഞ്ഞതുമായ രുദ്രാക്ഷം മംഗളം നല്‍കുന്നതല്ല എന്നും വിശ്വാസമുണ്ട്. അകാലമൃത്യുവിനെ ഇല്ലാതാക്കാനും മരണം വരെ രോഗബാധ കൂടാതെ ജീവിക്കാനും രുദ്രാക്ഷധാരണം സഹായിക്കുന്നു. രുദ്രാക്ഷമാല ഉപയോഗിച്ച് മന്ത്രം ജപിക്കുന്നതും ഉത്തമമത്രെ. പല മുഖങ്ങളുള്ള രുദ്രാക്ഷങ്ങളുണ്ട്. ഒന്ന് മുതല്‍ പതിനാല് വരെ മുഖങ്ങളുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. അതുകൊണ്ട് അവ ധരിക്കുന്നതിന് 14 മന്ത്രങ്ങളും ഉണ്ട്. അവയെല്ലാം ഓരോ ഈശ്വര സങ്കല്‍പത്തെ പ്രതിനിധാനം ചെയ്യുന്നു. ഓരോന്നിന്റേയും ധാരണം ഓരോ തരത്തിലുള്ള ഫലം നല്‍കുന്നുവെന്നാണ് വിശ്വാസം. 

ഏകമുഖം ഉള്ള രുദ്രാക്ഷം ശിവഭഗവാന്‍ ആണെന്നാണ് വിശ്വാസം. ഈ രുദ്രാക്ഷം പൂജിക്കുന്ന വീട്ടില്‍ എന്നും ഐശ്വര്യം ഉണ്ടാകും എന്നും കരുതപ്പെടുന്നു. ബ്രഹ്മഹത്യാദി പാപങ്ങളും ഉണ്ടാകുകയില്ല. സര്‍വ്വ കാമങ്ങളേയും പ്രദാനം ചെയ്യുന്നു. രണ്ടുമുഖമുള്ള രുദ്രാക്ഷവും ശിവന്‍ തന്നെയെന്ന് കരുതപ്പെടുന്നു. മൂന്ന് മുഖമുള്ള രുദ്രാക്ഷം അതിന്റെ ശക്തികള്‍ കൊണ്ട് വിദ്യകള്‍ പ്രദാനം ചെയ്യുന്നു. നാല് മുഖമുള്ള രുദ്രാക്ഷം ബ്രഹ്മദേവനത്രെ. നരഹത്യ അകറ്റുന്ന ഈ രുദ്രാക്ഷം ദര്‍ശന-സ്പര്‍ശനങ്ങള്‍കൊണ്ട് ചതുര്‍വര്‍ഗ്ഗ ഫലം നല്‍കുമെന്നും വിശ്വാസമുണ്ട്. അഞ്ചുമുഖമുള്ള രുദ്രാക്ഷം കാലാഗ്നി രുദ്രനാണ്. സര്‍വ്വകാമങ്ങളേയും പ്രദാനം ചെയ്യുന്ന ഈ രുദ്രാക്ഷം മുക്തി നല്‍കുമെന്നും കരുതുന്നു. ആറുമുഖമുള്ള രുദ്രാക്ഷം സുബ്രഹ്മണ്യനാണെന്നാണ് വിശ്വാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.