എന്റെ ഭക്തന്‍ സമഭാവന നിലനിര്‍ത്തും

Wednesday 14 February 2018 2:30 am IST

ശത്രൗചമിത്രേച സമഃ

സ്‌നേഹവും സഹായവും തരുന്ന വ്യക്തികള്‍ക്ക് സാധാരണ ആളുകള്‍ തിരിച്ച് അങ്ങോട്ടും സ്‌നേഹസഹായങ്ങള്‍ നല്‍കും. പക്ഷേ എന്റെ ഭക്തന്‍ ഭക്തിപ്രവാഹത്തിന് തടസ്സമാണെന്നത്രെ, അനുഭവത്തില്‍നിന്ന് പഠിക്കുന്നത്. അതുപോലെ തന്നെ ദ്രോഹിക്കുകയും വെറുക്കുകയും ചെയ്യുന്ന മനുഷ്യരെ ഭക്തന്‍ അങ്ങോട്ടു ദ്രോഹിക്കുകയോ വെറുക്കുകയോ ചെയ്യുകയില്ല. എന്താണ് കാരണം? ആരെയെങ്കിലും സ്‌നേഹിക്കുമ്പോള്‍ എന്നോട് ഈ കൃഷ്ണനോട് സ്‌നേഹം കുറഞ്ഞുപോകുമോ എന്ന് ഭക്തന്‍ സംശയിക്കുന്നു. ആരെയെങ്കിലും ദ്രോഹിക്കുമ്പോഴും സ്‌നേഹിക്കാന്‍ സമയംകിട്ടാതെ വരുമോ എന്ന് ഭക്തന്‍ ഭയപ്പെടുന്നു.

മാനാപമാനയോഃ സമഃ

ആരെങ്കിലും തന്നെ ആദരിക്കുകയോ സ്തുതിക്കുകയോ ചെയ്താല്‍ അത് സ്വീകരിക്കാനോ കേള്‍ക്കാനോ ഭക്തന്‍ ഒരുങ്ങുകയില്ല. കാരണം, ആ സമയം ഭഗവന്നാമം ജപിക്കാതെ, കീര്‍ത്തനം പാടാതെ ജീവിക്കേണ്ടിവരുമോ എന്നു ഭയപ്പെടുന്നു. ആരെങ്കിലും നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്താലും അതിന് നിന്നുകൊടുക്കാതെ ഭക്തന്‍ പിന്മാറുന്നു. ഇങ്ങനെ മാനാപമാനങ്ങളില്‍ അയാള്‍ സമഭാവം നിലനിര്‍ത്തുന്നു.

ശീതോഷ്ണസുഖദുഃഖേഷു  സമഃ

കാലാവസ്ഥയുടെ മാറ്റംകൊണ്ടു തണുപ്പുണ്ടാവുന്നു; വര്‍ധിക്കുന്നു. അതുപോലെ ചൂടും ഉണ്ടാവുന്നു; വര്‍ധിക്കുന്നു. രണ്ടുകൊണ്ടും ഭക്തന്‍ എന്റെ സേവനത്തില്‍ ഒരു മാറ്റവുംവരുത്തുകയില്ല. നദീജലത്തില്‍ കുളിക്കുന്നതോ എന്റെ പ്രത്യക്ഷരൂപമായ സൂര്യനെ വെയിലത്തു തന്നെ നമസ്‌കരിക്കുന്നതോ ഉപേക്ഷിക്കുകയില്ല. ഇങ്ങനെയാണ് ശീതോഷ്ണ സമഭാവന.

സുഖദുഃഖങ്ങള്‍ തരുന്ന വസ്തുക്കളിലും വ്യക്തികളിലും ഭക്തന്‍ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ല. രണ്ടും എന്നോടുള്ള ഭക്തി വര്‍ധിക്കുന്നതിനു തടസ്സം തന്നെ എന്ന് ഭക്തന്‍ കരുതുന്നു.

 സംഗവിവര്‍ജിതഃ

ലൗകികജീവിതം നയിക്കുന്നവരും കാമം-ആഗ്രഹം-കൊണ്ട് മലീമസമായ മാനസികാവസ്ഥയിലുള്ളവരും നാട്ടില്‍ ധാരാളമുണ്ട്. അവരുമായികൂട്ടുകൂടുകയോ അവര്‍ തരുന്ന വസ്തുക്കള്‍ സ്വീകരിക്കുകയോ അവരുമായി സംഭാഷണം ചെയ്യുകയോ അവരെ സ്പര്‍ശിക്കുയോ എന്റെ ഭക്തന്‍ ഒരിക്കലും ചെയ്യുകയില്ല. കാരണം, ആ ദുഃസംഗം ഭക്തിയുടെ ദാര്‍ഢ്യത്തിന് തടസ്സമായിത്തീരും എന്ന് ഭക്തന് അറിയാം. ''ദുഃസംഗഃ സര്‍വ്വഥാത്യാജ്യഃ''

എന്റെ ഭക്തന്മാരുമായി സഹവസിക്കുക. അവര്‍ കൊടുക്കുന്ന വസ്തുക്കള്‍-അവ ഭഗവാന് പ്രസാദങ്ങള്‍-സ്വീകരിക്കും, അവരുമായി സംഭാഷണം ചെയ്യും; അവരുടെ സാമീപ്യം നമസ്‌കാരാദികള്‍ ചെയ്യും. എല്ലാം ഭക്തി സംവര്‍ധനത്തിന് സഹായകമാണെന്ന് ഭക്തന് അറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.