ആത്മസ്വരൂപം വെളിപ്പെടാന്‍ ജ്ഞാനസൂര്യന്‍ ഉദിക്കണം

Wednesday 14 February 2018 2:46 am IST
സന്ന്യാസത്തിന്റെ പുറമെയുള്ള അടയാളങ്ങളായ കാഷായവേഷമോ ദണ്ഡോ ഒക്കെ സാധകനെ തെറ്റായ വഴിയില്‍നിന്ന് മാറ്റിനിര്‍ത്തും. അപ്പോള്‍ ശരിക്കും ആന്തരികമായ സന്ന്യാസത്തോടെയുള്ള ജ്ഞാനം നമ്മെ പരമപദത്തിലെത്തിക്കും.

മുണ്ഡകോപനിഷത്ത്-20

 

കാമനകളൊന്നുമില്ലാതെ ആത്മജ്ഞാനിയെ പൂജിക്കണമെന്ന് പറഞ്ഞ് അവസാന ഖണ്ഡം ആരംഭിക്കുന്നു.

സ വേദൈതത് പരമം ബ്രഹ്മ ധാമ

യത്ര വിശ്വം നിഹിതം ഭാതി ശുഭ്രം

ഉപാസതേ പുരുഷം യേ ഹ്യകാമാഃ

തേ ശുക്രമേതദതിവര്‍ത്തന്തി ധീരാഃ

വിശ്വം സ്ഥിതിചെയ്യുന്നതും ശുദ്ധവും സ്വയംപ്രകാശവുമായി വിളങ്ങുന്നതും എല്ലാ കാമനകളുടേയും പരമമായ ആശ്രയസ്ഥാനവുമായ ബ്രഹ്മത്തെ ആത്മജ്ഞാനി അറിയുന്നു. ആത്മജ്ഞാനിയെ ഐശ്വര്യ ആഗ്രഹങ്ങളൊന്നുമില്ലാതെ പരമപുരുഷനെപ്പോലെ ഉപാസിക്കുന്ന ബുദ്ധിമാന്മാര്‍ മനുഷ്യജന്മത്തെ മറികടക്കുന്നു.

ആഗ്രഹപൂര്‍ത്തീകരണത്തിനുവേണ്ടി മാത്രമല്ല ആത്മജ്ഞാനിയെ പൂജിക്കേണ്ടത്. കഴിഞ്ഞ ഖണ്ഡത്തിന്റെ അവസാന മന്ത്രം ഐശ്വര്യമാഗ്രഹിക്കുന്നവര്‍ ആത്മജ്ഞാനിയെ പൂജിച്ചാല്‍ അയാള്‍ക്ക് ആഗ്രഹിക്കുന്ന ലോകങ്ങളും ഐശ്വര്യങ്ങളുമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഭൗതികമായ സുഖഭോഗങ്ങളേക്കാള്‍ പ്രധാനം മുക്തിയായതിനാല്‍ ആത്മജ്ഞാനിയെ സേവിക്കുന്നത് കാമനകളൊന്നും കൂടാതെയാകണം. നിഷ്‌കാമമായി ആത്മജ്ഞാനിയെ പൂജിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ഗുണങ്ങള്‍ കൈവരും. അത് ജ്ഞാനം നേടാനും മോക്ഷത്തിനും കാരണമാകും. 'ശുക്രം അതിപത്തന്തി' എന്നത് പുരുഷബീജത്തെ അഥവാ മനുഷ്യജന്മത്തെ മറികടക്കുന്നുവെന്ന് കാണിക്കുന്നു. ജനന-മരണരൂപമായ സംസാരത്തില്‍നിന്നും കരകയറാനാകും. പിന്നെ ശരീരം സ്വീകരിക്കേണ്ടിവരില്ല.

ആത്മജ്ഞാനിയായ ഗുരുവിനെ ഭജിക്കുന്നത് ആദ്ധ്യാത്മിക മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും അത്യാവശ്യമാണ്. കാമനകളില്ലാതെ സേവിച്ചോളൂ. മുക്തി ഉറപ്പ്. മുമുക്ഷു കാമങ്ങളെ ഉപേക്ഷിക്കണം എന്നതിനെ പറയുന്നു- 

കാമാന്‍ യഃ കാമയതേ മന്യമാനഃ

സകാമഭിര്‍ജായതേ തത്ര തത്ര

പര്യാപ്തകാമസ്യ കൃതാത്മനസ്തു

ഇഹൈമ സര്‍വ്വേ പ്രവിലീയന്തികാമാഃ

ഇഷ്ട വിഷയങ്ങളെ എപ്പോഴും ചിന്തിച്ച് ആഗ്രഹിച്ചിരിക്കുന്നവന്‍ ആ കാമങ്ങളോടെ അവിടെവിടെയായി ജനിക്കുന്നു. കാമനകളടക്കി കാമപൂര്‍ത്തീകരണം നടത്തിയ ആത്മസാക്ഷാത്കാരം നേടിയയാളുടെ എല്ലാ കാമങ്ങളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇല്ലാതായിത്തീരുന്നു.

എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന ആത്മാവിനെ ആഗ്രഹിക്കുന്നയാള്‍ക്ക് എല്ലാ കാമനകളും പൂര്‍ത്തീകരിക്കപ്പെടുന്ന അയാള്‍ക്ക് വിഷയകാമനകള്‍ ഉണ്ടാകാന്‍ തരമില്ല. ആത്മാവിനെ പരരൂപത്തില്‍ അറിഞ്ഞ, താന്‍ തന്നെയെന്ന് അനുഭവമാക്കിയ മുമുക്ഷുവിന് ശരീരം ഉള്ളപ്പോള്‍ തന്നെ കാമങ്ങളെല്ലാം നശിക്കും. അവിദ്യ ഉള്‍പ്പെടെ കാമങ്ങളുടെ കാരണങ്ങള്‍ തന്നെ ഇല്ലാതാകുന്നതിനാല്‍ കാമനകള്‍ക്ക് പിന്നെ നിലനില്‍പ്പില്ല.

ആത്മലാഭം എങ്ങനെ-

നായമാത്മാ പ്രവചനേന ലഭ്യോ

ന മേധയാ ന ബഹുനാ ശ്രുതേന

യമേ വൈഷ വൃണുതേ തേന ലഭ്യഃ

തസൈ്യഷ ആത്മാ വിവൃണു തേ തനും സ്വാം

ഈ ആത്മാവ് വേദങ്ങളും ശാസ്ത്രങ്ങളും  പഠിച്ചതുകൊണ്ട് കിട്ടില്ല. ഗ്രന്ഥങ്ങളുടെ അര്‍ത്ഥം ധരിക്കാനുള്ള മേധാശക്തികൊണ്ടും ലഭിക്കില്ല. വളരെയധികം കേട്ടതുകൊണ്ടും കിട്ടില്ല. പരമാത്മാവിനെ നേടണമെന്ന ആഗ്രഹംകൊണ്ട് മാത്രമേ ലഭിക്കൂ. അങ്ങനെയുള്ള ആത്മാവ് സ്വരൂപത്തെ വെളിപ്പെടുത്തുന്നു.

വളരെയേറെ പുസ്തകങ്ങള്‍ വായിച്ചാലോ പഠിച്ചാലോ കുറേയെറെ വായിച്ച് ബുദ്ധിവര്‍ധിപ്പിച്ചാലോ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ ധാരാളം കേട്ടാലോ ഒന്നും ആത്മാവിനെ കണ്ടുകിട്ടുകയില്ല. വളരെ തീവ്രമായി ആഗ്രഹിക്കണം, അതു കിട്ടാനാകണം തിടുക്കവും വ്യാകുലതയുമൊക്കെ. അങ്ങനെ ആത്മാവിനെ വരിക്കുന്നവര്‍ക്ക് ആത്മാവ് സ്വയം അറിയിച്ചുകൊടുക്കും. ആത്മാവിനെ നേടുന്നതുവരെ ഒരു തരം ശ്വാസംമുട്ടല്‍ ഉണ്ടാകണം. അതില്ലാതെ കഴിയാനാകില്ല എന്നതുപോലെയാകണം. വിശിഷ്ടാദ്വൈതികളും ദ്വൈതികളും വൃണതേ വരിക്കുക എന്നതിന് ആത്മാവ് ആഗ്രഹിക്കുന്നവര്‍ക്ക് ആത്മദര്‍ശനം കിട്ടും എന്ന തരത്തിലാണ് അര്‍ത്ഥം എടുത്തിരിക്കുന്നത്. ഈ മന്ത്രം  കഠോപനിഷത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്.

അജ്ഞാനത്താല്‍ മറഞ്ഞിരിക്കുന്ന ആത്മസ്വരൂപം വെളിപ്പെടാന്‍ ജ്ഞാനസൂര്യന്‍ ഉദിക്കണം. മറനീങ്ങി അത് തനിയെ പുറത്തുവരും. അതിനാല്‍ ആത്മലാഭത്തിനായി നന്നായി പ്രാര്‍ത്ഥിക്കണം.

നായമാത്മാ ബലഹീനേന ലഭ്യോ

നച പ്രമാദാത്തപസോ വാപ്യലിംഗാത്

ഏതൈരുപായൈര്‍യതതേ യസ്തുവിദ്വാന്‍ 

തസൈ്യഷ ആത്മ വിശതേ ബ്രഹ്മധാമ

ആത്മബലമില്ലാത്തവന് ആത്മാവിനെ കിട്ടില്ല. പ്രമാദത്താലോ സന്ന്യാസമില്ലാത്ത തപസ്സിനാലോ ലഭിക്കില്ല. എന്നാല്‍ ബലം, അപ്രമാദം, സന്ന്യാസം, ജ്ഞാനം തുടങ്ങിയ ഉപായങ്ങളാല്‍ യത്‌നിക്കുന്ന വിദ്വാന്റെ ആത്മാവ് ബ്രഹ്മപദത്തിലെത്തും. ആത്മനിഷ്ഠകൊണ്ട് ഉണ്ടാകുന്ന വീര്യം ഇല്ലാത്തവനെയാണ് ബലഹീനന്‍ എന്നുവിളിച്ചത്. പിഴവും മടിയും മാറ്റിവയ്ക്കലുമൊക്കെ പ്രമാദമാണ്. അലിംഗാത് തപസാ എന്നത് സന്ന്യാസം കൂടാതെയുള്ള തപസ്സിനേയും ജ്ഞാനത്തേയും സൂചിപ്പിക്കുന്നു. വളരെ താല്‍പ്പര്യത്തോടെ ആത്മലാഭത്തിനുവേണ്ടതായ ഉപായങ്ങളോടെ യത്‌നിക്കുന്നയാള്‍ക്ക് ബ്രഹ്മപദം തന്നെ കിട്ടും. അതിനാല്‍ നിഷ്ഠയോടെ ആത്മബലം ഉണ്ടാക്കിയെടുക്കണം. ലൗകിക വിഷയങ്ങളുമായി ബദ്ധപ്പെടുമ്പോളുണ്ടാകുന്ന പ്രമാദത്തെ അകറ്റണം. സന്ന്യാസത്തോടെ തപസ്സ് ചെയ്യണം, അഥവാ ജ്ഞാനമാര്‍ജ്ജിക്കണം. എന്നാലേ ആത്മാവിനേ നേടാനാകൂ.

സന്ന്യാസത്തിന്റെ പുറമെയുള്ള അടയാളങ്ങളായ കാഷായവേഷമോ ദണ്ഡോ ഒക്കെ സാധകനെ തെറ്റായ വഴിയില്‍നിന്ന് മാറ്റിനിര്‍ത്തും. അപ്പോള്‍ ശരിക്കും ആന്തരികമായ സന്ന്യാസത്തോടെയുള്ള ജ്ഞാനം നമ്മെ പരമപദത്തിലെത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.