കേന്ദ്ര അവഗണന അറബിക്കടലില്‍

Wednesday 14 February 2018 2:30 am IST
കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേന്ദ്ര പദ്ധതികള്‍ തുരങ്കം വയ്ക്കുന്നതും ശ്രദ്ധേയമാണ്. ഇതിന് ഉദാഹരണമാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഭവനരഹിതര്‍ക്കുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈ കേരളം അട്ടിമറിച്ചത് ഏറെ ഗൗരവത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്.

കേരളത്തില്‍ സ്്ഥിരം മുഴങ്ങുന്ന ഒന്നായിരുന്നു കേന്ദ്ര അവഗണന. ഇടതുമുന്നണി ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇപ്പോഴും കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രിയേയും സ്ഥാനത്തും അസ്ഥാനത്തും ആക്ഷേപിക്കുന്നതിന് കുറവില്ല. വ്യത്യാസം ഒന്നുമാത്രം. കേന്ദ്ര അവഗണന എന്നതു പറയാനാകുന്നില്ല. അതിന് സാധ്യതയില്ല എന്നതാണ് സത്യം. അവഗണനയ്ക്ക് പകരം കേരളത്തിന് അര്‍ഹിക്കുന്നതിനേക്കാള്‍ പരിഗണനയാണ് വികസനകാര്യങ്ങളില്‍ മോദി സര്‍ക്കാറില്‍നിന്ന് കിട്ടുന്നത്.

സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാവുന്ന വിഴിഞ്ഞം പദ്ധതി ജീവന്‍വച്ചത് മോദി അധികാരം ഏറ്റെടുത്തപ്പോളാണ്. 40-ല്‍പരം വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് 800 കോടി വയബിലിറ്റി ഗ്യാപ്പ് ഫണ്ടോടെ അംഗീകാരം നല്‍കിയപ്പോഴാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായത്. പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ കാരണവും കേന്ദ്രത്തിന്റെ ഇടപെടലാണ്. 7,500 കോടിയോളം ചെലവ് വരുന്ന വിഴിഞ്ഞം പദ്ധതി കേരളത്തെ മറ്റൊരു സിംഗപ്പൂരാക്കിമാറ്റും. കബോട്ടാഷ് നിയമം ഇളവ് ചെയ്തുകൊടുക്കാനും നടപടികള്‍ സ്വീകരിച്ചു.

റോഡുവികസനത്തില്‍ കേരളം എന്നും അവഗണനയുടെ പടുകുഴിയിലായിരുന്നു. ഇതുമുലം സംസ്ഥാനത്തെ ദേശീയപാതകളെല്ലാം തോടുകളായി. പണി പതിറ്റാണ്ടായി മുടങ്ങിയ ബൈപ്പാസുകള്‍. ഈ സ്ഥിതിക്ക്് മാറ്റംവന്നതും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്തത്ര ധനസഹായമാണ് റോഡുവികസനത്തിന് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ദേശീയ പാത വികസനത്തിന് 64,000 കോടിയുടെ  പദ്ധതികള്‍ക്കാണ് കേരളത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.

പഞ്ചായത്തുകള്‍ക്ക് കേന്ദ്രഫണ്ട് മൂന്നിരട്ടിയാക്കി. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പഞ്ചായത്തുകള്‍ക്ക് മൂന്നുമടങ്ങ് ഫണ്ട് (7,681.96 കോടി) അനുവദിച്ചിരിക്കുന്നത് ആദ്യം.പഞ്ചായത്തുകളിലൂടെ പ്രാദേശിക വികസനം ശക്തമാക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണക്ക്്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യകമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കിട്ടിയത് 33,368 കോടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് 98,932 കോടിയും. മൂന്നിരട്ടി.  ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹായം 5,476 കോടിയായിരുന്നു. ബിജെപി സര്‍ക്കാര്‍ നല്‍കിയത് 70,960 കോടിയും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനകാര്യ കമ്മി നികത്താന്‍ നയാപൈസ നല്‍കിയില്ല. മോദി സര്‍ക്കാര്‍ നല്‍കിയത് 9,519 കോടി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് 2,732 കോടിയില്‍ നിന്ന് 7,683 കോടിയായി ഉയര്‍ത്തി. വിവിധ ഗ്രാന്റുകളിലായി 70,000 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.  കേരളത്തിന് വികസന പദ്ധതികള്‍ക്കായി ഒന്നര ലക്ഷം കോടിയുടെ ധനസഹായം നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി. ആഴക്കടല്‍ തുറമുഖ വികസനത്തിന് 2,500 കോടിയുടേയും  റെയില്‍വേ വികസനത്തിന് 25,000 കോടിയുടേയും പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 2,619.45 കോടിയുടെ 21 വന്‍കിട പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടുമൂലം ഈ പദ്ധതികള്‍ക്ക്് 6,000 കോടിയുടെ അധിക ചെലവ് വന്നതായി അടുത്തിടെ നടന്ന അവലോകനയോഗത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചി റിഫൈനറി (8,240 കോടി),കൊച്ചി മെട്രോ( 5,182 കോടി), ആറ് റെയില്‍വേ പദ്ധതികള്‍(3,084 കോടി), ദേശീയ പാതയില്‍ ആറ് പദ്ധതികള്‍(3,914 കോടി), കൊച്ചി എല്‍പിജി ടെര്‍മിനല്‍( 607.06 കോടി) സംസ്ഥാനത്ത് പണി ആരംഭിച്ച കേന്ദ്ര പദ്ധതികളാണ്.

കൊച്ചി കപ്പല്‍ശാലയ്ക്ക് 3400 കോടിയുടെ വികസനപദ്ധതികള്‍. കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്കായി 144 കോടി. നിലമ്പൂര്‍ താലൂക്കാശുപത്രിക്ക് 10 കോടി. 400 ലോഫ്‌ളോര്‍ ബസ്സുകള്‍. കാര്‍ഷികവികസനത്തിനായി 1000 കോടി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ സൗരനഗരങ്ങളാക്കി സൗരോര്‍ജ്ജത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ 1000 കോടിയിലേറെ ഫണ്ട.് ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇടുക്കിയില്‍. പാലക്കാട്ട് ഐഐടി, കോട്ടയം മെഡിക്കല്‍ കോളേജിന്  250 കോടി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് 45 കോടി. കണ്ണൂര്‍ വിമാനത്താവളത്തിന് 100 കോടി. എട്ട് നദികളെ ജലപാതകളാക്കാന്‍ 1000 കോടിയിലേറെ. ഒറ്റപ്പാലത്ത് 231 കോടി മുടക്കി ഡിഫന്‍സ് പാര്‍ക്ക്. തലശ്ശേരി-മാഹി ബൈപ്പാസിന് കേന്ദ്രാനുമതി. മൂക-ബധിര വിദ്യാലയമായ നിഷിനെ സര്‍വ്വകലാശാലയാക്കി ഉയര്‍ത്തി(180 കോടിയുടെ വികസനം). സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 5000 കോടിവരെ കേന്ദ്രഫണ്ട് ലഭിക്കാന്‍ സാദ്ധ്യത. ചെറുനഗരങ്ങളുടെ വികസനത്തിനായയുള്ള അമൃതനഗരപദ്ധതിയില്‍ 17 എണ്ണം കേരളത്തില്‍. (2,359 കോടി) ചേര്‍ത്തലയിലും വാളയാറിലും ഫുഡ്പാര്‍ക്ക്. പാലക്കാട്ടും ഇടുക്കിയിലും മെഡിക്കല്‍ കോളേജുകള്‍ക്ക് 1000 കോടി. എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാന്‍ 61.24 കോടി, മൈക്രോ ഇറിഗേഷന് 180 കോടി. ഫാക്ടിന് 1000 കോടി. ഭാരതപ്പുഴയെ ജലസമൃദ്ധമാക്കാന്‍ 500 കോടി, തീര്‍ത്ഥാടന വിനോദസഞ്ചാരത്തിന് 100 കോടി...ഇങ്ങനെ നീളുന്ന പട്ടിക. ഇതിനുപുറമെ വിവിധ ചെറിയ പദ്ധതികള്‍ക്ക് കോടികള്‍ അനുവദിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായി ആവശ്യപ്പെട്ട പദ്ധതികള്‍ക്കെല്ലാം ചോദിക്കുന്ന പണം എന്ന നിലപാടാണ് കേരളത്തോട് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ദേശീയ പദ്ധതികളുടെ ഭാഗമായി കേരളത്തിന് ലഭിച്ച സാമ്പത്തിക ഗുണങ്ങള്‍ ഏറെയാണ്.  32 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ . മുദ്രാ ബാങ്കിലൂടെ,  5,47,663 കോടി വായ്പ. ഒരു കോടി എല്‍ഇഡി ബള്‍ബ്. ഇങ്ങനെ നീളുന്നു കേന്ദ്ര പദ്ധതികളിലൂടെ കേരളത്തിനുണ്ടായ നേട്ടങ്ങള്‍.

കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേന്ദ്ര പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നതും ശ്രദ്ധേയമാണ്.  ഇതിന് ഉദാഹരണമാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഭവനരഹിതര്‍ക്കുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈ കേരളം അട്ടിമറിച്ചത് ഏറെ ഗൗരവത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. പദ്ധതി പ്രകാരം 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്. വീടില്ലാത്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുമ്പോള്‍ കേന്ദ്ര പദ്ധതി പ്രകാരം കിട്ടുമായിരുന്ന 19,768 വീടുകള്‍ നഷ്ടമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലമാണിതെന്നത് ശ്രദ്ധേയമാണ്. പല കേന്ദ്ര പദ്ധതികളേയും തുരങ്കംവയ്ക്കാന്‍ കേരളം ശ്രമിച്ചതിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. നല്ല ചില കേന്ദ്ര പദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പാവങ്ങള്‍ക്ക്് വീടുനല്‍കുന്ന പദ്ധതി രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.