ആശ്രിതര്‍ക്ക് 10 ലക്ഷം

Wednesday 14 February 2018 2:30 am IST

കൊച്ചി: കപ്പല്‍ശാലാ ദുരന്തത്തിന് കാരണം വാതക ചോര്‍ച്ചയെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ്. നായര്‍. വാതക ചോര്‍ച്ച എങ്ങനെയുണ്ടായെന്ന്  വ്യക്തമല്ല. വാട്ടര്‍ ടാങ്കിന്റെ ഒരുഭാഗത്ത് വാതകം നിറഞ്ഞതാണ് അപകടകാരണം. സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. 

വിശദമായ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വിശദീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പൊട്ടിത്തെറിയുടെ വിശദാംശങ്ങള്‍ ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സിഎംഡി അറിയിച്ചു. 

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും കപ്പല്‍ശാല വഹിക്കും. അപകടമുണ്ടായ ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പല്‍ മുപ്പതു വര്‍ഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 

എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷമാണ് ജീവനക്കാര്‍ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.