കപ്പല്‍ശാലയിലെ രണ്ടാമത്തെ ദുരന്തം; സാഗര്‍ഭൂഷണില്‍ ഇതാദ്യം

Wednesday 14 February 2018 2:45 am IST

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ ഇതിനുമുമ്പും ദുരന്തമുണ്ടായിട്ടുണ്ട്, 1994ല്‍. പക്ഷേ, ഇത്രമാത്രം തീവ്രത അന്നുണ്ടായിരുന്നില്ല. അന്നത്തെ ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കപ്പല്‍ശാലയില്‍ സുരക്ഷാ സംവിധാനങ്ങളൊക്കെ കൂടുതല്‍ ഒരുക്കിയിരുന്നു. എന്നാല്‍, കാല്‍ നൂറ്റാണ്ടിനോടടുക്കുമ്പോള്‍ സുരക്ഷയില്‍ വീണ്ടും പാളിച്ചയുണ്ടായോ എന്ന സംശയമാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി രംഗത്തെ വിദഗ്ധരുടെ ആശങ്ക. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നലെയുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചതാണ് ആശങ്കയ്ക്കും സംശയത്തിനും കാരണം. 

അവധി ദിവസങ്ങളില്‍ ജോലിക്കാര്‍ കുറവായതിനാല്‍ ഉത്തരവാദപ്പെട്ട സുരക്ഷാ ജീവനക്കാരുടെ അഭാവം ഉണ്ടാകാനിടയുണ്ട്. മേലുദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ തൊഴിലാളികളും വേണ്ടത്ര ശ്രദ്ധ ചെലുത്തിയെന്നുവരില്ല. ഇതുതന്നെയാകാം കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന സാഗര്‍ഭൂഷണ്‍ കപ്പലിലെ പൊട്ടിത്തെറിക്കും കാരണമായതെന്നാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. വാതകച്ചോര്‍ച്ചയാണ് സംഭവത്തിന് കാരണമെന്ന് ഉറപ്പിച്ച കപ്പല്‍ശാലാ അധികൃതര്‍ ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. 

കൊച്ചി കപ്പല്‍ ശാലയില്‍ നേരത്തെയുണ്ടായ ദുരന്തത്തില്‍ മൂന്നുജീവനുകള്‍ നഷ്ടമായെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ആക്ടിന്റെ ഭേദഗതി അനുസരിച്ചാണ് അന്ന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടിയെടുത്തത്. കേന്ദ്രഷിപ്പിംഗ് മന്ത്രാലയവും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സും വിശദമായ അന്വഷണം നടത്തി ഇക്കുറിയും നിയമ നടപടികളുണ്ടാകും. 

കപ്പല്‍ശാലയിലെ രണ്ടാമത്തെ വലിയ ദുരന്തമാണ് ഇന്നലെയുണ്ടായതെങ്കില്‍ ഒഎന്‍ജിസിയുടെ എണ്ണ പര്യവേക്ഷണ കപ്പലായ സാഗര്‍ഭൂഷണിലേത് ഇത് ആദ്യ ദുരന്തമാണ്. മുപ്പത് വര്‍ഷക്കാലമായി സാഗര്‍ഭൂഷണ്‍ കൊച്ചി കപ്പല്‍ശാലയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതുവരെ അറ്റകുറ്റപ്പണിക്കിടെ അപകടമുണ്ടായിട്ടില്ല. വിദഗ്ധരായ ജോലിക്കാര്‍ തന്നെയാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നതും. 

കഴിഞ്ഞ ഡിസംബറിനാണ് അറ്റകുറ്റപ്പണിക്കായി സാഗര്‍ ഭൂഷണ്‍ എത്തിച്ചത്. ഈ മാസം 28ന് അറ്റകുറ്റപ്പണി തീര്‍ത്ത് ഡ്രൈഡോക്ക് വിടാനൊരുങ്ങുന്നതിനിടെയാണ് ദുരന്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.