തോല്‍വിയില്‍ നിരാശരാകേണ്ട; ഇക്കുറി ജയിപ്പിക്കാന്‍ പോലീസുണ്ട് എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റവര്‍ക്ക് പ്രത്യേക ക്യാമ്പുമായി പോലീസ്

Wednesday 14 February 2018 2:00 am IST
പത്താംക്ലാസ് പരീക്ഷയ്ക്ക് ഇനി മാസങ്ങളില്ല. കുട്ടികളെല്ലാം പരീക്ഷാചൂടിലേക്കു കടന്നു. പരാജയ ഭീതി പലരെയും തളര്‍ത്തുന്നുണ്ടെങ്കില്‍ ഇനി ഭയപ്പെടാതെ നീങ്ങാം .ഇക്കുറി ജയിപ്പിക്കാന്‍ പോലീസുണ്ട്. എസ്എസ്എല്‍സി പരീക്ഷകളില്‍ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ ജില്ലാ പോലീസ് 14 ദിവസത്തെ ക്യാമ്പ് നടത്തുന്നത്.

 

കോട്ടയം: പത്താംക്ലാസ് പരീക്ഷയ്ക്ക് ഇനി മാസങ്ങളില്ല. കുട്ടികളെല്ലാം പരീക്ഷാചൂടിലേക്കു കടന്നു. 

പരാജയ ഭീതി പലരെയും തളര്‍ത്തുന്നുണ്ടെങ്കില്‍ ഇനി ഭയപ്പെടാതെ നീങ്ങാം .ഇക്കുറി ജയിപ്പിക്കാന്‍ പോലീസുണ്ട്. എസ്എസ്എല്‍സി പരീക്ഷകളില്‍ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ ജില്ലാ പോലീസ് 14 ദിവസത്തെ ക്യാമ്പ് നടത്തുന്നത്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ഈ വര്‍ഷത്തെ പരീക്ഷ വിജയിപ്പിക്കുകയാണ് ലക്ഷ്യം. 

വെറും ക്യാമ്പല്ല പ്രോജക്ട് ഹോപ്

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുടക്കം കുറിച്ച പദ്ധതിയാണെങ്കിലും റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത് ആദ്യമായാണ്. കൊച്ചി റേഞ്ച് ഐജി പി. വിജയനാണ് ഇത്തരത്തിലൊരും ആശയം അവതരിപ്പിച്ചത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ട 44 കുട്ടികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഗുഡ് ഷെപ്പേര്‍ഡ് കോളേജ്, നാട്ടകം, പാലാ സെന്ററുകള്‍, പൊന്‍കുന്നം,മാഞ്ഞൂര്‍, പള്ളം, കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സൗജന്യ ട്യൂഷന്‍ ക്ലാസുകള്‍ നല്‍കുന്നുണ്ട്. നാളെ മുതല്‍ 28 വരെ നാട്ടകം ഗുഡ്‌ഷെപ്പേര്‍ഡ് കോളേജിലാണ് ക്യാമ്പ് നടക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിയുടെയും പഠനകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഓരോ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. കൂടാതെ, പ്രദേശത്തെ റസിഡന്റ് അസോസിയേഷന്‍ പ്രതിനിധിയെയും അദ്ധ്യാപകരെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

പഠനത്തോടൊപ്പം സാമൂഹ്യ നിലവാരവും ഉയര്‍ത്തും

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികളാണ് ഭൂരിഭാഗവും പഠനത്തില്‍ പിന്നോട്ടുള്ളതെന്നാണ് നിലവിലെ വിലയിരുത്തല്‍. 

ഇവര്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നതിനൊപ്പം സാമൂഹ്യമായ നിലവാരം ഉയര്‍ത്താനും പദ്ധതിയിലൂടെ ശ്രമിക്കുന്നുണ്ട്. വിദഗ്ധരായ അദ്ധ്യാപകരുടെയും മനശാസ്ത്രജ്ഞരുടെയും സേവനം ലഭ്യമാക്കുന്നതിനൊപ്പം യോഗ, ധ്യാനം തുടങ്ങിയവയും ക്യാമ്പിലുണ്ടാകും.  പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൗജന്യമാണ്. നാളെ ആരംഭിക്കുന്ന പഠന ക്യാമ്പ് ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.