കഥകളിയുടെ പൊരുളറിഞ്ഞ് വിദേശ യുവജനസംഘം

Wednesday 14 February 2018 2:00 am IST

മട്ടാഞ്ചേരി: കഥകളി നടനത്തിന്റെ പൊരുളറിഞ്ഞ് വിദേശ യുവജനസംഘം വിസ്മയം പൂണ്ടു. ഷിപ്പ്‌ഫോര്‍ വേള്‍ഡ് യൂത്ത് ലീഡേഴ്‌സ് പ്രോഗ്രാം സംഘമാണ് കൊച്ചി സന്ദര്‍ശനത്തിനിടെ കഥകളി കണ്ടറിഞ്ഞത്. ഫോര്‍ട്ടുകൊച്ചിയിലെ കേരള കഥകളി സെന്ററില്‍ യുവജനസംഘത്തിനായി 'കല്യാണ സൗഗന്ധികം' കഥകളി നടന്നു. ജപ്പാന്‍ സര്‍ക്കാര്‍ നടത്തുന്ന ലോകയുവജന വിനിമയ പദ്ധതിയുടെ ഭാഗമായെത്തിയതാണ് ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത് സംഘം. ജപ്പാന്‍, ഓസ്‌ട്രേലിയ, മെക്‌സിക്ക, ഓമാന്‍ പെന്‍, ഹോളണ്ട്, മോസാംബിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 250 യുവാക്കളാണ് കപ്പലില്‍ കൊച്ചിയിലെത്തിയത്. 

ഇന്ത്യയില്‍ നിന്നുള്ള പത്ത് പേരാണ് സംഘത്തിലുള്ളത്. 24പേരടങ്ങുന്ന പത്ത് സംഘങ്ങളായി തിരിച്ചാണ് യുവാക്കള്‍ വിവിധകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. സാംസ്‌ക്കാരിക വ്യവസായിക സംഘങ്ങളുമായി ആശയവിനിമയം നടത്തുന്ന ലോക യുവത്വം യുവജനസംഘങ്ങളുമായി ചര്‍ച്ചകളും നടത്തും. കേന്ദ്രയുവജന കാര്യവകുപ്പിന്റെ സഹകരണത്തോടെയാണ് സംഘം കൊച്ചി സന്ദര്‍ശനം നടത്തുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ പൈതൃക മന്ദിരങ്ങള്‍ കണ്ട ശേഷം, യുവജന സംഘം കഥകളി സെന്ററിലെത്തിയത്. കഥകളി ചരിത്രം, മുദ്രകള്‍, ഭാവങ്ങള്‍, വേഷവിധാനം തുടങ്ങിയുവയും പരിചയപ്പെടുത്തി. കഥകളി സെന്റര്‍ ഡയറക്ടര്‍ കലാമണ്ഡലം വിജയന്‍ കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ സുരേഷ്, സുജീഷ് ബാബു എന്നിവര്‍ വേഷവും രജീഷ് ജോസ്, അഭിജിത്ത് എന്നിവര്‍ വാദ്യമേളവുമൊരുക്കി. കൊച്ചി സര്‍വ്വകലാശാല സന്ദര്‍ശിച്ച് ലോകയുവജന സംഘവുമായി കപ്പല്‍ ശ്രീലങ്കയിലേയ്ക്ക് യാത്ര തിരിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.