ചാരുംമൂട്(ആലപ്പുഴ): വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നു റോഡില്‍ കിടന്ന യുവാവിന് അഭിഭാഷകന് രക്ഷകനായി. പത്തനാപുരം പുന്നല സ്വദേശി പ്രദീഷാണ് അപകടത്തില്‍പ്പെട്ടു പത്തുമിനിറ്റോളം റോഡില്‍ ആരും തിരിഞ്ഞുനോക്കാതെ കിടന്നത്.
ചുനക്കര ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ബ്രേക്കിട്ട കാറിനു പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേല്‍ക്കുകയായിരുന്നു. റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ ഇതുവഴിയെത്തിയ അഭിഭാഷകനും മുന്‍ എന്‍ വൈസി സംസ്ഥാന പ്രസിഡന്റുമായ മുജീബ് റഹ്മാന് പ്രദീഷിനെ സ്വന്തം കാറില്‍ കയറ്റി നൂറനാട് കെസിഎം ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്ഥയിലായ യുവാവിനെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അഡ്വ മുജീബ് റഹ്മാന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ യുവാവിന്റെ ബന്ധുക്കള്‍ അപകടവിവരം അറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: