ദേശീയപാത 45 മീറ്റര്‍ വീതി റോഡ് അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം

Wednesday 14 February 2018 2:00 am IST

കാക്കനാട്: ഇടപ്പള്ളി കോട്ടപ്പുറം ദേശീയപാത 45 മീറ്റര്‍ വീതിയില്‍ തന്നെ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജില്ലാ ഭരണകൂടം തയ്യറാക്കി സമര്‍പ്പിച്ചിരുന്ന റോഡ് അലൈന്‍മെന്റ് കരട് രൂപരേഖക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിര്‍ദിഷ്ട ഇടപ്പള്ളി-കോട്ടപ്പുറം ദേശീയപാത 25 കിലോമീറ്റര്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ ഒമ്പത് വില്ലേജുകളില്‍ നിന്നായി 41.05 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 111 ഹെക്ടര്‍ ഭൂമി ഇതിനോടകം ഏറ്റെടുത്തു. 15 മീറ്റര്‍ വീതിയില്‍ ഏറ്റെടുക്കാന്‍ പുതിയ പാക്കേജ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 30 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. 

നിര്‍ദ്ദിഷ്ട പാതയില്‍ 25 കിലോമീറ്ററില്‍ 18 ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. നാലുവരിപ്പാതയ്ക്ക് ഇരുവശത്തും സര്‍വീസ് റോഡുകളുണ്ട്. ചേരാനെല്ലൂര്‍ ജംഗ്ഷനില്‍ നൂതന സിഗ്‌നല്‍ രഹിത സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.  മെട്രോയും മേല്‍പ്പാലവും കടന്നു പോകുന്ന ഇടപ്പള്ളിയില്‍ അണ്ടര്‍പാസ് വഴിയാകും പാത കടന്നുപോകുക.  

കളക്ടര്‍ മാസങ്ങള്‍ക്ക് മുമ്പ് വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പുതിയ രൂപരേഖയും മറ്റു വിശദാംശങ്ങളും അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച രൂപരേഖ ദേശീയപാത അതോറിറ്റിക്കു കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇടപ്പള്ളി- കോട്ടപ്പുറം 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനായിരുന്നു തീരുമാനം. റോഡ് വികസനത്തിനായി ദേശീയ പാതയോരത്ത് നിരന്തരം കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ രൂക്ഷമായ സമരത്തെ തുടര്‍ന്നാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ തത്വത്തില്‍ അംഗീകരിച്ചത്. 

ദേശീയപാതയുടെ മുകളിലൂടെ നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിലൂടെ ഭൂമി ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലും 90 ശതമാനം കുറയ്ക്കാനാകുമെന്ന് ദേശീയപാത 17, 47 സംയുക്ത സമരസമിതി മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് സാധ്യതാ പഠനം നടത്തണമെന്ന് ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.