ഗൗരി നേഘയുടെ മരണം; സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്യും

Wednesday 14 February 2018 2:30 am IST

കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.പ്രിന്‍സിപ്പാളിന്റെ  വിവാദമായ നടപടികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണ്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിനു മുന്നോടിയായി വരുംദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കൂടാതെ പ്രിന്‍സിപ്പാളിനെതിരെ ഗൗരിയുടെ അമ്മ  പരാതി നല്‍കിയിട്ടുണ്ട്.വെസ്റ്റ് സിഐ ബിജുവിനാണ് അന്വേഷണ ചുമതല.

ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട അധ്യാപികമാര്‍ക്ക്  വന്‍ വരവേല്‍പ്പ് നല്‍കിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ  നേതൃത്വത്തില്‍ സസ്‌പെന്‍ഷനു ശേഷം തിരിച്ചെടുത്തത്.കേക്ക് മുറിച്ചായിരുന്നു അധ്യാപികമാരുടെ തിരിച്ചുവരവ് ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കി അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്.  കമ്മിഷണര്‍ എ.ശ്രീനിവാസ്  ഇതുസംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനോടും പ്രിന്‍സിപ്പാളിനോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍  വിശദീകരണം തൃപ്തികരമല്ലായിരുന്നു. 

 പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റര്‍ വ്യക്തമാക്കി,

തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സ്‌കൂള്‍ മാനേജര്‍ക്കാണ് അതിനുള്ള അധികാരമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ജോണ്‍ വ്യക്തമാക്കി. അറുപത് വയസ് കഴിഞ്ഞു എന്ന നിബന്ധന ഐസിഎസ്ഇ സിലബസ് ഉള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ബാധകമല്ലെന്നുമായിരുന്ന ന്യായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.