തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോടിയേരി പറ്റിച്ചു: ബിജുരമേശ്

Wednesday 14 February 2018 2:52 am IST

തിരുവനന്തപുരം: പൂട്ടിയ ബാറുകളെല്ലാം തുറക്കാനുള്ള അനുമതി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറ്റിച്ചെന്ന് വ്യവസായിയും ബാറുടമയുമായ ബിജുരമേശ്. 

 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബാര്‍ തുറക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ധാരണയിലെത്തിയത്. ഇതിന്  ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ  കേസ് മുന്നോട്ടു കൊണ്ടുപോകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതോടെ കോടിേയരി വാഗ്ദാന ലംഘനം നടത്തുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ നല്‍കാന്‍ ബാറുടമകള്‍ തയ്യാറാണ്. അതിന് രാഷ്ട്രീയ പിന്തുണ വേണം. എന്നാല്‍ ബാര്‍ക്കോഴകേസ്  ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.  മാണിയെ കുറ്റവിമുക്തനാക്കാനും നീക്കം നടത്തുന്നു. അതിനാല്‍ ബാര്‍ തുറക്കാന്‍  വാഗ്ദാനം നല്‍കി തങ്ങളെ വഞ്ചിച്ചു എന്ന്  തന്നെ പറയേണ്ടി വരും. അഴിമതി വിരുദ്ധരെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. പുതിയ മദ്യനയം നിലവില്‍ വന്നതോടെ അടച്ചിട്ട ബാറുകള്‍ തുറക്കാമായിരുന്നെങ്കിലും   സര്‍ക്കാരിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ മിക്ക ബാറുകളും   പൂട്ടിയിട്ടിരിക്കുകയാണ്. ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായും വിഎസ് അച്യുതാനന്ദനുമായും അന്ന് ചര്‍ച്ച നടത്തിയിരുന്നതായും ബിജുരമേശ് വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.