ഗുണ്ടകളെ വിലക്കണമെന്ന് കര്‍ദ്ദിനാളിന് നിവേദനം

Wednesday 14 February 2018 2:30 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ സഭയില്‍ നിന്ന് പടനയിക്കുന്ന ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി വീണ്ടും സമരത്തിനിറങ്ങുന്നു. 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച നടപടികൊണ്ട് മാത്രം തൃപ്തരല്ലെന്ന് ഇവര്‍ പറയുന്നു. കോടികളുടെ നഷ്ടം എങ്ങനെ നികത്തുമെന്നു ചോദിച്ചാണ് സമരത്തിനിറങ്ങുന്നത്. പ്രതിഷേധിക്കുമ്പോള്‍ തടയാനെത്തുന്ന ഗുണ്ടകളെ  വിലക്കണമെന്നാവശ്യപ്പട്ട് സംഘടനാ നേതൃത്വം കര്‍ദ്ദിനാളിനെ നേരില്‍ കണ്ട് നിവേദനവും നല്‍കി. 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ മുറുകുമ്പോള്‍ അതിനെക്കുറിച്ച് മറുപടി പറയേണ്ട കര്‍ദ്ദിനാള്‍ മൗനം പാലിക്കുകയാണ്. ഇത് വിശ്വാസികളെ രോഷാകുലരാക്കിയിരിക്കുകയാണ്. വസ്തു ഇടപാടുകള്‍ അതിരൂപതയുടെ ധാര്‍മ്മിക, സാമ്പത്തിക മൂല്യങ്ങളെ തുരങ്കം വെയ്ക്കുന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ സ്ഥാനമേല്‍ക്കുന്ന സമയത്ത് സമ്പന്നമായിരുന്ന അതിരൂപത കോടികളുടെ കടക്കെണിയിലേക്ക് വീണതിനെക്കുറിച്ച് മറുപടി പറയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഉത്തരവാദിത്തമേറ്റെടുത്ത് കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്നും നിവേദനത്തിലുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.