തുറവൂര്‍ വിശ്വംഭരന്‍ സമൂഹത്തെ ഉണര്‍ത്തിയ മഹാജ്ഞാനി: പ്രൊഫ. പി.ജി. ഹരിദാസ്

Wednesday 14 February 2018 2:30 am IST

കോട്ടയം: ആത്മവിസ്മൃതിയിലാണ്ട സമൂഹത്തെ ഭാരതീയ ദര്‍ശനങ്ങളുടെ വ്യാഖ്യാനശൈലികൊണ്ടും പ്രഭാഷണങ്ങള്‍ക്കൊണ്ടും ഉണര്‍ത്തിയ സംസ്‌കൃതിയുടെ ഉപാസകനായിരുന്നു പ്രൊഫ. തുറവൂര്‍ വിശ്വംഭരനെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്.

ഭാരതീയ വിചാരകേന്ദ്രവും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച സദ്ഗമയ 2018 പ്രഭാഷണ പരമ്പരയില്‍ തുറവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതീയ സംസ്‌കൃതിക്ക്  ജ്ഞാനശാഖയും ആദ്ധ്യാത്മിക ശാസ്ത്രവും, ധാര്‍മ്മികഗ്രന്ഥവുമുണ്ട്. ഭഗവത്ഗീത, വേദാന്തം, ബ്രഹ്മസൂത്രം ഇവ മനസ്സിലാക്കിയാല്‍ മാത്രമേ മഹാഭാരതമെന്ന സാഗരത്തില്‍ മുങ്ങിക്കയറാന്‍ കഴിയൂവെന്ന് വിശ്വംഭരന്‍ മാഷ് വിശ്വസിച്ചിരുന്നു. ദര്‍ശനം, കല, സാഹിത്യം, ശാസ്ത്രം, ഇതിഹാസം, വൈദ്യം തുടങ്ങി ഏതു വിഷയങ്ങളെപ്പറ്റിയും ആധികാരികമായി പറയാന്‍കഴിവുള്ള ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. വ്യാസന്‍ എന്നത് ഒരു കൂട്ടം ഗ്രന്ഥകര്‍ത്താക്കളാണെന്ന വാദത്തെ നിരുക്തത്തിന്റെയും ശാസ്ത്രത്തിന്റെയും പിന്‍ബലത്തില്‍ അദ്ദേഹം ഖണ്ഡിച്ചു. 'ഭാരതപര്യടനം' അദ്ദേഹത്തിന്റെ സവിശേഷമായ ആഖ്യാനശൈലിയുടെ ഉത്തമ ഉദാഹരണമാണ്. വ്യക്തി ജീവിതത്തില്‍ ഊഷ്മളത നിലനിര്‍ത്തിയിരുന്ന അദ്ദേഹം നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു.

നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ സദ്ഗമയ 2018 പ്രഭാഷണ പരമ്പരയും പുസ്തകമേളയും ഉത്ഘാടനം ചെയ്തു. 

തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. മാത്യൂസ് അവന്തിയുടെ പത്മാവതി എന്ന പുസ്തകം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു അര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഡോ. സി.ഐ. ഐസക്, പി.എന്‍. ബാലകൃഷ്ണന്‍, ആര്‍. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.