ചെല്‍സി വിജയവഴിയില്‍

Wednesday 14 February 2018 2:45 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം നടന്ന മത്സരത്തില്‍ വെസ്റ്റ്‌ബ്രോംവിച്ചിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീലപ്പട തകര്‍ത്തുവിട്ടു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ 25, 71 മിനിറ്റുകളില്‍ ഈഡന്‍ ഹസാര്‍ഡും 63-ാം മിനിറ്റില്‍ വിക്ടര്‍ മോസസും ചെല്‍സിക്കായി ഗോള്‍ നേടി. കഴിഞ്ഞ ഡിസംബര്‍ 30ന് ശേഷം ഹോം ഗ്രൗണ്ടില്‍ ചെല്‍സിയുടെ ആദ്യ വിജയമാണിത്.

കളിയുടെ തുടക്കം മുതല്‍ ചെല്‍സിക്കായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നു. അവര്‍ പായിച്ച 20 ഷോട്ടുകളില്‍ എട്ടെണ്ണം ടാര്‍ഗറ്റിലലേക്കായിരുന്നു.  വെസ്റ്റ്‌ബ്രോംവിച്ച് ഗോളിയുടെ മികച്ച പ്രകടനമാണ് തോല്‍വി മൂന്ന് ഗോളില്‍ ഒതുക്കിനിര്‍ത്തിയത്. തുടക്കം മുതല്‍ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ചെല്‍സി 25-ാം മിനിറ്റില്‍ ലീഡ് നേടി. ഒളിവര്‍ ഗിറൗഡ് നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് ഈഡന്‍ ഹസാര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ടാണ് വെസ്റ്റ്‌ബ്രോം വലയില്‍ കയറിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് വെസ്റ്റ്‌ബ്രോം താരങ്ങള്‍ ചെല്‍സി പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയെങ്കിലും അവര്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതിയില്‍ ചെല്‍സി 1-0ന് മുന്നില്‍.

പിന്നീട് 63-ാം മിനിറ്റില്‍ വിക്ടര്‍ മോസസിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി. കോര്‍ണറിനൊടുവില്‍ കിട്ടിയ പന്ത് മോസസ് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. അതിനുശേഷം 71-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയുടെ പാസില്‍ ഹസാര്‍ഡ് തന്റെ രണ്ടാം ഗോളും നേടിയതോടെ ചെല്‍സിയുടെ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ 27 കളികളില്‍ നിന്ന് 53 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്തേക്കുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.